തൃശൂര്‍ : തൃശൂര്‍ ജില്ലയിലെ സി പി എം സ്ഥാനാര്‍ത്ഥികളെപ്പറ്റി പാര്‍ട്ടിയില്‍ ധാരണയായി. ചേലക്കര നിയോജകമണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്‌ണനെ മത്സരിപ്പിക്കാന്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. നിലവിലെ എം എല്‍ എ യു ആര്‍ പ്രദീപിനെ ഒഴിവാക്കിയാണ് രാധാകൃഷ്‌ണനെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
ഒരു തവണ മാത്രം എം എല്‍ എ ആയ പ്രദീപന്റെ പേരാണ് ജില്ലാ കമ്മിറ്റി ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി കെ രാധാകൃഷ്‌ണന്‍ മത്സരരംഗത്ത് വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഉചിതമായ മണ്ഡലം കണ്ടെത്താന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് പ്രദീപിന് പകരം രാധാകൃഷ്‌ണനെ ചേലക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ സജീവമായ പ്രദീപിനെ ഒരു തവണ മാത്രം അവസരം നല്‍കിയശേഷം ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഗുരുവായൂരില്‍ സാദ്ധ്യത പട്ടികയില്‍ പരിഗണിച്ചിരുന്ന മുതിര്‍ന്ന നേതാവും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ബേബി ജോണിനെ ഒഴിവാക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ബേബി ജോണിന് പകരം ഗുരുവായൂരില്‍ ചാവക്കാട് ഏരിയ സെക്രട്ടറി എന്‍ കെ അക്ബറിനെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായത്. ചാവക്കാട് നഗരസഭ മുന്‍ ചെയര്‍മാനാണ് അക്ബര്‍. ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വേണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതുക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്‌തശേഷം സംസ്ഥാന കമ്മിറ്റിക്ക് അയച്ചു നല്‍കും.