ചെങ്ങന്നൂർ : മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അഭിഭാഷകനും കരസേനാ ഓർഡിനൻസ് ഫാക്ടറി റിട്ട. ജനറൽ മാനേജരുമായ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ശാലേം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വർഗീസ് (66)ന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ അങ്ങാടിക്കൽ പുത്തൻകാവ് പൗവ്വത്തിൽ അരവിന്ദ് (36)ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് ഇങ്ങനെ പറയുന്നു…..എബ്രഹാം വര്‍ഗീസ് വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രി 11.45 ന് തന്റെ സ്കൂട്ടറിൽ വീട്ടിലെ അടുക്കള മാലിന്യങ്ങൾ ഒരു കവറിലാക്കി വീടിന് സമീപത്തുള്ള ശാസ്താംകുളങ്ങര റോഡിൽ നിക്ഷേപിച്ച ശേഷം തിരികെ മടങ്ങി വരുമ്പോൾ സമീപവാസിയായ പൗവ്വത്തിൽ അരവിന്ദ് കാണാൻ ഇടയായി. ഈ സമയം അരവിന്ദിന്റെ രണ്ട് സൃഹൃത്തുക്കൾ ബൈക്കിൽ അവിടെ എത്തി. അരവിന്ദ് അവരെയും കൂട്ടി അഭിഭാഷകനെ പിൻതുടർന്നു. എം.കെ റോഡുവഴി കടന്ന് ഏബ്രഹാമിന്റെ വീടിനു സമീപം 200 മീറ്റർ അകലെ വെച്ച് സ്കൂട്ടറിന് കുറുകെ ഇവരുടെ ബൈക്ക് വെച്ച് തടഞ്ഞു നിറുത്തി. തുടർന്ന് മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. അഭിഭാഷകന്റെ ഹെൽമറ്റ് അരവിന്ദ് ഊരിമാറ്റിയ ശേഷം അയാളുടെ കവിളത്ത് അടിച്ചു. അയാളുടെ തന്നെ ഹെൽമറ്റ് ഉപയോഗിച്ച് രണ്ട് തവണ തലയുടെ പിന്നിൽ ശക്തമായി പ്രഹരമേൽപ്പിച്ചു. അടിയേറ്റ് ബോധമില്ലാതെ കിടന്ന അഭിഭാഷകനെ അവിടെ ഉപേക്ഷിച്ച് കടന്നു കളയാൻ അരവിന്ദ് ശ്രമം നടത്തി. എന്നാൽ ഇതിനെ സുഹൃത്തുക്കൾ എതിർത്തു. അവരുടെ ഉപദേശമനുസരിച്ച് ഇയാളെ അഭിഭാഷകന്റെ സ്കൂട്ടറിൽ അരവിന്ദിന്റെ പിറകിലിരുത്തി ഏറ്റവും പിറകിൽ അരവിന്ദിന്റെ സുഹൃത്തിനേയും ഇരുത്തി തൊട്ടടുത്തുള്ള അങ്ങാടിക്കൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സ്ഥിതി വഷളായതിനാൽ ആശുപത്രി അധികൃതർ അവിടെ സ്വീകരിച്ചില്ല. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലക്കു പിന്നിൽ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ അറിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
സ്കൂട്ടറിൽ ഇരുത്തി കൊണ്ടുവന്നതിനാൽ അഭിഭാഷകന്റെ ഇരുകാലിന്റെയും വിരലുകൾ തേഞ്ഞ് ഉരഞ്ഞ് മുറിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ആശുപത്രിയിൽ അഭിഭാഷകനെ ഉപേക്ഷിച്ച് മടങ്ങിയ ശേഷം അരവിന്ദ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെത്തി അങ്ങാടിക്കൽ ഭാഗത്ത് വാഹനാപകടത്തിൽപ്പെട്ട ഒരാളെ ജില്ലാആശുപത്രിയിൽ എത്തിച്ചു എന്ന വിവരം ധരിപ്പിച്ചശേഷം മടങ്ങിപ്പോയി. പ്രഥമദൃഷ്ട്യ പോലീസും ആദ്യം ഈ വിവരം വിശ്വസിച്ചു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലും ദേഹപരിശോധനയിലുമാണ് സംഭവത്തിന്റെ ദുരൂഹത വെളിവായത്.
സംഭവസ്ഥലവും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്നുമാണ് കൊലപാതകത്തിലേക്ക് എത്തിയത്. സി.സി.ടി.വി ദൃശ്യത്തില്‍ നിന്നുമാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. അരവിന്ദിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തുവരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശനിയാഴ്‌ച എത്തിച്ച മൃതദേഹം ഞായറാഴ്ച പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പന്തളം മുടിയൂർക്കോണം പായിക്കാട്ട് വിജി ഭവനില്‍ ജെസ്സി ഏബ്രഹാമാണ് ഭാര്യ. മക്കൾ – ഐബി, ഫെബി. മരുമകൻ – അനീഷ് ജോൺ (അബുദാബി).
തിരുച്ചിറപ്പള്ളിയിൽ മിലിറ്ററി ഓർഡിനൻസ് ഫാക്ടറിയിൽ ജൂനിയർ മാനേജരായി ജോലി നോക്കിയ ശേഷം കഴിഞ്ഞ 5 വർഷമായി ചെങ്ങന്നൂരിലെ കോടതികളിൽ അഭിഭാഷകനായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു ഏബ്രഹാം വർഗീസ്. കേസിന്റെ അന്വേഷണ ചുമതല ചെങ്ങന്നൂർ സി.ഐ എം സുധി ലാലിനാണ്. ആലപ്പുഴയിൽ നിന്നെത്തിയ ശാസ്ത്രീയ പരിശോധകർ തെളിവുകൾ ശേഖരിച്ചു.
പത്തനംതിട്ട മീഡിയ വാട്സപ്പ് ഗ്രൂപ്പില്‍ ചേരുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/LOyhYcs6b86F5yfsxEQcT8