ചെങ്ങന്നുർ: മാലിന്യ നിക്ഷേപം തടയാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം. പ്രസിഡന്റ് റെജി വെട്ടുകുഴിയിലിനും ഭാര്യ സുജ ചെറിയാനും സമീപവാസി മഹേഷിനുമാണ് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനമേറ്റത്. 10 അംഗ അക്രമി സംഘത്തിന്റെ ക്രൂരമർദ്ദനമേറ്റ പൂത്തോട് മുക്കിൽ മഹേഷ് മനോഹരനെ (21) കണ്ണിനും തലയ്ക്കും ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിലെ രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. അക്രമത്തിനു പിന്നില്‍ മദ്യ മയക്കുമരുന്ന് മഫിയയെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
റെയില്‍വേ സ്റ്റേഷന് പുറകുവശം മാലിന്യനിക്ഷേപം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ അവിടെ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പുത്തന്‍തെരുവ് റസിഡന്‍സ് അസോസിയേഷനാണ് അരലക്ഷത്തോളം രൂപ മുടക്കി നാല് ആധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചത്. വൈകിട്ട് അഞ്ചുമണിയോടെ ചില സാമൂഹ്യ വിരുദ്ധർ ഈ ക്യാമറ തകർക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ പ്രസിഡന്റ് റെജി വെട്ടുകുഴിയിലും സമീപവാസികളായുള്ള യുവാക്കളും ചോദ്യം ചെയ്തു. ഇതേത്തുടർന്ന് റെയിൽവേയ്ക്കു പുറകിൽ താമസിക്കുന്ന യുവാവിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം റസിഡന്‍സ് അസോസിയേഷനില്‍ പെട്ട യുവാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം കടന്നുകളഞ്ഞു. ഇത് കണ്ട റെജി വെട്ടുകുഴിയിൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസിനെ വിവരം അറിയിച്ചതില്‍ പ്രകോപിതരായ അക്രമികള്‍ പുത്തൻവീട്ടിൽ പടിക്കു സമീപമുള്ള റെജിയുടെ സ്നേഹ അക്വേറിയം കടയിലെത്തി റെജിയെയും ഭാര്യ സുജയേയും അസഭ്യം പറഞ്ഞുകൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‍ കട തല്ലിത്തകര്‍ക്കുവാന്‍ ശ്രമിച്ചു. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളിൽ രണ്ടു പേരെ ചെങ്ങന്നൂർ സി.ഐ എം സുധി ലാൽ, എസ്.ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഓടിച്ചിട്ട് പിടികൂടി. ചെറിയനാട് വില്ലേജിൽ പടിഞ്ഞാറ്റും മുറിയിൽ മാമ്പള്ളിക്കു സമീപം കടത്തിങ്കൽ വീട്ടിൽ പ്രസാദ് കുമാറിന്റെ മകൻ അനൂപ് (26), പുലിയൂർ പേരിശേരിൽ മുറിയിൽ ആലമ്പള്ളിൽ തറയിൽ വീട്ടിൽ രാജന്റെ മകൻ രാലിൻ (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഈ പ്രദേശത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വ്യാപകമായ കച്ചവടം നടക്കുന്നതായി സമീപവാസികൾ പറയുന്നു. സന്ധ്യ കഴിഞ്ഞാൽ ഈ പ്രദേശത്തുകൂടി നടന്നു പോകുവാൻ കഴിയില്ല. ക്യാമറാ സ്ഥാപിച്ചതോടുകൂടി സംഘത്തിന്റെ മയക്കുമരുന്ന് , മദ്യ കച്ചവടത്തിന് തടസ്സം നേരിട്ടു. തുടര്‍ന്നാണ് ഇത് നശിപ്പിക്കുവാന്‍പ്ലാന്‍ ചെയ്തത്. മർദ്ദനത്തിനിരയായ റെജിയുടേയും മഹേഷിന്റെയും പരാതിയിൻമേൽ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. കസ്റ്റഡിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.