ചെങ്ങന്നൂർ : യു ഡി എഫ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ യുവാക്കൾക്കുമെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുള്ള സാഹചര്യമൊരുക്കുന്നതിനെ ഇടതുപക്ഷം എതിർത്തതാണ് ഇന്നത്തെ അരാജകത്വത്തിനു കാരണമായതെന്നുകോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നുർ നിയോജക മണ്ഡലം യു ഡി.എഫ്. കുറ്റവിചാരണ ‘ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിൻ്റെ തെറ്റായ നയങ്ങൾ കേരളത്തിൽ വ്യവസായിക സ്ഥാപനങ്ങളുടെ മുരടിപ്പിനും ഐടി മേഖല തകരാനും കാരണമായി. അന്ന് ഇവിടേക്കു വരാനായി നിശ്ചയിച്ചിരുന്ന കമ്പനികളെല്ലാം തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കു ചേക്കേറിയത് വിചിത്രമായ സംഗതിയാണെന്നു രമേശ് പറഞ്ഞു. കാർഷിക-വിദ്യാഭ്യാസ മേഖലകളാകമാനം തകർന്നു – ഇ എം.എസ്. മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള സർക്കാരുകൾ ആകെ ഒന്നര ലക്ഷം കോടി രൂപയാണ് വായ്പയെടുത്തതെങ്കിൽ ഏഴു വർഷം കൊണ്ടു പിണറായിവിജയൻ മൂന്നു ലക്ഷം കോടിയാണ് കടമെടുത്തിരിക്കുന്നതെന്നു രമേശ് കുറ്റപ്പെടുത്തി.
എൽ ഡി.എഫിനൊപ്പം – യുഡിഎഫിനു കേന്ദ്ര വിരുദ്ധ സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും യു.ഡി എഫ് എം പി മാർ പ്രധാനമന്ത്രിയേയും – ധനമന്ത്രിയേയും നേരിട്ടു കണ്ട് ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുള്ളതാന്നെന്നും ഇനിയും കാണുമെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ പുകഴ്ത്തിയതുകൊണ്ട് മന്ത്രി സജി ചെറിയാനു പുതിയതായി ഒരു നേട്ടമുണ്ടാകില്ല. കിട്ടിയ വകുപ്പുകളെല്ലാം തന്നെ കുളമാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. മാർക്കറ്റ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ യു ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ജൂണികുതിരവട്ടം അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി പി.സനൂജ് ആമുഖ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. ജോൺ കുറ്റപത്രം അവതരിപ്പിച്ചു. മുൻ എം.എൽ.എ.എം. മുരളി, യു.ഡി എഫ് ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ, നഗരസഭാ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, അഡ്വ. എബി കുര്യാക്കോസ്, അഡ്വ.ഡി. വിജയകുമാർ, ജിജി പുന്തല, മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ / രാജൻ കണ്ണാട്ട്, ഇ വൈ. മുഹമ്മദ് ഹനീഫാ മൗലവി, അഡ്വ.ഡി. നാഗേഷ് കുമാർ അഡ്വ കെ.ആർ. സജീവൻ, സുജിത്ത് ശ്രീരംഗം, അഡ്വ. ജോർജ് തോമസ്, സുജാ ജോൺ തുടങ്ങിയവർ സംസാരിച്ചു.