ചെങ്ങന്നൂർ : ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണപദ്ധതി ഈ മണ്ഡലക്കാലത്തിനു ശേഷമായിരിക്കും തുടങ്ങുക. തീർഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുവേണ്ടിയാണിത്. പദ്ധതിയുടെ ടെൻഡർ നടപടികൾ തുടങ്ങിയിരുന്നു. നേരത്തേ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ റെയിൽവേ ബോർഡിനു സമർപ്പിച്ചിരുന്നു. ചെങ്ങന്നൂർ സ്റ്റേഷൻനവീകരണ പദ്ധതിച്ചെലവായി കണക്കാക്കിയിരിക്കുന്നത് 190.94 കോടി രൂപയാണ്. സ്റ്റേഷന്റെ കെട്ടിടങ്ങൾ ഒന്നിച്ചു പൊളിക്കാതെ ഘട്ടംഘട്ടമായി പൊളിക്കാനാണ് റെയിൽവേ പദ്ധതിയിട്ടത്. ഇതനുസരിച്ച് റെയിൽവേ സംരക്ഷണസേനയുടെ കെട്ടിടം മുതൽ പൊളിക്കാനാണു പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ മണ്ഡലക്കാലത്ത് കെട്ടിടങ്ങൾ പൊളിക്കുന്നത് സ്റ്റേഷനിലെത്തുന്ന തീർഥാടകർക്കു ബുദ്ധിമുട്ടാകും.
തിരക്കുള്ള ദിവസങ്ങളിൽ 10,000 ത്തിലേറെ തീർഥാടകരാണ് സ്റ്റേഷനിലെത്തുന്നത്. ഒട്ടെറെ തീർഥാടകർ സ്റ്റേഷൻ പരിസരത്ത് വിരിയും വെക്കാറുണ്ട്. ഈ സാഹചര്യത്തിൽ മണ്ഡലക്കാലത്ത് സ്റ്റേഷൻ കെട്ടിടങ്ങൾ പൊളിക്കേണ്ടെന്നാണ് റെയിൽവേയുടെ തീരുമാനം. ചെങ്ങന്നൂർ സ്റ്റേഷൻ നവീകരണപ്രവൃത്തികൾ റെയിൽവേ മന്ത്രിയുമായി ചർച്ചചെയ്തിട്ടുണ്ടെന്നു കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ അമൃത് ഭാരത് പദ്ധതിക്കുകീഴിൽ വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേഗതയില്ലെന്ന വിമർശം ശക്തമാണ്. ഇതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് വലുതാണ്. റെയിൽവേ വികസനപദ്ധതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂർ സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപ്പണികൾപോലും നടക്കുന്നില്ല. യാത്രക്കാർക്കു മതിയായ അടിസ്ഥാനസൗകര്യങ്ങളില്ല. പ്ലാറ്റ് ഫോമുകളിലെ ചോർച്ച പൂർണമായി പരിഹരിക്കാനും കഴിഞ്ഞിട്ടില്ല.