ചെങ്ങന്നൂർ : റവന്യൂ ഓഫീസുകൾ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള റവന്യൂ ടവറിന്റെ രൂപരേഖയ്ക്ക് അംഗീകാരമായി. 21 കോടി ചെലവഴിച്ച് അഞ്ചുനിലകളിലാണ് ടവർ നിർമിക്കുന്നത്. 5261.95 ചതുരശ്ര മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. പഴയതാലൂക്ക് ഓഫീസ് സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടസമുച്ചയം വരുന്നത്. ഇതിന്റെ നിർമാണത്തിനു കരാർ വിളിച്ചിരുന്നു. പ്രീ-ക്വാളിഫിക്കേഷൻ ടെൻഡറിൽ നാലുപേർ പങ്കെടുത്തിട്ടുണ്ട്. ഫിനാൻഷ്യൽ ബിഡുകൂടി വിളിച്ച് ജൂലായിൽ നിർമാണോദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. നൂറിലേറെ വർഷം പഴക്കമുണ്ടായിരുന്ന ചെങ്ങന്നൂർ താലൂക്ക് ഓഫീസ് കെട്ടിടത്തിന് ബലക്ഷയം വന്നതോടെയാണ് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്.
മാസങ്ങൾക്ക് മുൻപ് താലൂക്ക് ഓഫീസ് ഇവിടെനിന്ന് ഒഴിഞ്ഞ് വാടകക്കെട്ടിടത്തിലേക്കു മാറി. തുടർന്ന്, പഴയ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റി. താലൂക്ക് ഓഫീസ് കൂടാതെ വില്ലേജ് ഓഫീസ്, ആർഡിഒ ഓഫീസ് എന്നിവയും റവന്യൂ ടവറിലാകും. മറ്റുചില സർക്കാർ ഓഫീസുകളും പുതിയ കെട്ടിടസമുച്ചയത്തിലേക്കു മാറ്റിയേക്കും. റവന്യൂ ഓഫീസുകൾ ഒരേ കെട്ടിടസമുച്ചയത്തിൽ വരുന്നത് പൊതുജനങ്ങൾക്ക് സഹായകരമാകും. എല്ലാ ഓഫീസുകൾക്കും വിശാലമായ സൗകര്യമാണ് ഒരുക്കുന്നതെന്ന് കെട്ടിടത്തിന്റെ നിർമാണച്ചുമതല വഹിക്കുന്ന മരാമത്ത് (കെട്ടിടം) വിഭാഗം അധികൃതർ പറഞ്ഞു.