ചെങ്ങന്നൂര്‍: പഞ്ചലോഹ വിഗ്രഹങ്ങള്‍ നിര്‍മാണ ശാലയില്‍ നിന്നും കവര്‍ന്നുവെന്ന ഉടമകളുടെ പരാതിയില്‍ ദുരുഹത ഉയരുന്നതായി പോലീസ്. എംസി റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ കരയ്ക്കാട്ട് ആലപ്പുഴ ജില്ലാ അതിര്‍ത്തിക്കു സമീപമുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സ് – എന്ന വിഗ്രഹ നിര്‍മാണശാലയില്‍ നിന്നും ഞായറാഴ്ച രാത്രി 9.30നോടെ കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം രണ്ടു കോടി വില വരുന്ന 60 കിലോഗ്രാം തൂക്കമുള്ള പഞ്ചലോഹ അയ്യപ്പവിഗ്രഹം തങ്ങളെ ആക്രമിച്ച ശേഷം കവര്‍ന്നെന്നാണ് പരാതി.
ചെങ്ങന്നൂര്‍ തട്ടാവിള കുടുംബാംഗങ്ങളായ എന്‍.സി.പി ചെങ്ങന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി, മഹേഷ് പണിക്കരും സഹോദരന്‍ പ്രകാശ് പണിക്കരും ചേര്‍ന്നാണ് പോലീസിനു പരാതി നല്‍കിയത്. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കുകയായിരുന്നുവത്രെ. വാഹനങ്ങളിലെത്തിയവരെ തടയാനായി ശ്രമിച്ച തങ്ങളേയും – ജീവനക്കാരേയും ആക്രമിച്ച ശേഷമാണ് വിഗ്രഹം കടത്തിയതത്രെ.
പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങള്‍ ഉയര്‍ന്നു വന്നു. ഉടമസ്ഥരായ രണ്ടു സഹോദരങ്ങള്‍ നല്‍കിയ മൊഴിയിലും പരസ്പര വിരുദ്ധവും വൈരുധ്യങ്ങളുമാണ്. വിഗ്രഹത്തിന്‍റെ തൂക്കം കവര്‍ച്ചാ സംഘത്തിലെ ആളുകളുടെ എണ്ണത്തെ സംബന്ധിച്ചും പറയുന്നതില്‍ വ്യത്യാസങ്ങളുണ്ട്. ഒട്ടേറെയാളുകള്‍ താമസിക്കുന്ന വീടുകളുള്ള റോഡരികില്‍ നടന്ന സംഭവത്തില്‍ വാദികള്‍ പറയുന്നത് അനുസരിച്ചുള്ള ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നില്ലെന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. രാത്രി 10 മണിക്കു മുന്‍പ് മോഷണത്തിനായി ഇത്രയുമാളുകള്‍ ഇപ്പറയുന്ന സന്നാഹങ്ങളുമായി ഒരിക്കലും എത്തിച്ചേരുവാനിടയില്ലെന്നും പരസ്പരം ഏറ്റുമുട്ടിയെന്ന് അവകാശപ്പെടുമ്പോള്‍ ഇവര്‍ക്കേറ്റ രണ്ട് പരിക്കുകള്‍ നിസാരമാണെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍.
നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തികരിച്ചു നല്‍കാമെന്നുള്ള കരാര്‍ ലംഘനം, ഉപയോഗിക്കാനായിട്ടുള്ള പഞ്ചലോഹങ്ങളുടെ കുറവ്, ആര്‍ക്കു വേണ്ടിയാണോ വിഗ്രഹം പൂര്‍ത്തീകരിച്ചു നല്‍കുവാന്‍ ഏറ്റത് അവരെ വിഷയത്തില്‍ നിന്നും തെറ്റിദ്ധരിപ്പിക്കല്‍, തൊഴില്‍ തര്‍ക്കത്തില്‍ ജോലിക്കാരെ കുരുക്കല്‍ തുടങ്ങിയ ഒട്ടേറെ സംശയങ്ങളാണ് പോലീസിനു മുന്നിലുള്ളത്. ഈ വിധത്തിലുള്ളഎല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി, പി.വി. ബേബി പറഞ്ഞു.