ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ തൊഴിലാളികളെ ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവര്‍ന്ന സംഭവത്തില്‍ 5 പേര്‍ പ്രധാന പ്രതികളെന്ന് കണ്ടെത്തല്‍. ഇവര്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച കാറും കണ്ടെടുത്തു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുള്ളതായും പോലീസ് സംശയിക്കുന്നു. തൊഴില്‍ തര്‍ക്കമാകാം ഇത്തരത്തില്‍ ഒരു ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞിരുന്നു. മോഷണം മാത്രമാണ് ശ്രമമെങ്കില്‍ ഇത്തരത്തില്‍ ഒരു ആക്രമണത്തിന് സാധ്യതയില്ലെന്നും പോലീസ് പറഞ്ഞു. മാത്രമല്ല ആക്രമണത്തില്‍ പരുക്കേറ്റയാള്‍ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രതികളിലൊരാള്‍ ചികിത്സ തേടിയെന്നറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. കാരയ്ക്കാട് പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിന്റെ വിഗ്രഹ നിര്‍മാണശാലയിലെ തൊഴിലാളികളെ ആക്രമിച്ചാണ് പഞ്ചലോഹവിഗ്രഹം അപഹരിച്ചത്.
മര്‍ദനമേറ്റ സ്ഥാപനത്തിലെ ജീവനക്കാരന്‍ രാജീവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവിടെ മുന്‍പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മുളക്കുഴ അരീക്കര സ്വദേശിയാണ് ആദ്യമെത്തിയത്. ഇയാള്‍ക്കു പിന്നാലെ ഒരു കാറിലും ബൈക്കുകളിലുമായി സംഘത്തിലെ മറ്റുള്ളവരും എത്തി. 5 തൊഴിലാളികളാണ് ആ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്. ബഹളം കേട്ട് എത്തിയ സ്ഥാപന ഉടമകളായ മഹേഷ്പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. ഇതിനിടെ ഓഫിസ് മുറിയിലുണ്ടായിരുന്ന 60 കിലോയോളം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം നഷ്ടമായെന്നാണ് ഉടമകളുടെ പരാതി. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്നും ഇവര്‍ പറയുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തൊഴിലാളികളായ തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ ഉലകനാഥന്‍ (38) രാജീവ് (37) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉലകനാഥന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന മറ്റൊരു തൊഴിലാളി ജയകുമാറിന്റെ ഭാര്യയെ പ്രതികള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.