കോന്നി : ഇന്ത്യയിലെ സാധാരണക്കാരായ കോടിക്കണക്കിന് കർഷകരെ കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഗവൺമെന്റ് അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചെങ്ങറ ജി സി എസ് എൽ പി സ്കൂളിൽ സംഘടിപ്പിച്ച കാർഷീക സെമിനാർ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷീക രംഗത്ത് ദ്രോഹപരമായ സമീപനമാണ് കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്നത്. നമ്മുടെ രാജ്യത്തെ കർഷകർ ചൂഷണത്തിന് വിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാർഷീക മേഖലയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമായിരുന്നു ഗാട്ട് കരാർ. കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കേന്ദ്ര ഗവൺമെൻ്റിന് കഴിയുന്നില്ല. ചെറുകിട കച്ചവട കേന്ദ്രങ്ങൾ രാജ്യത്ത് നശിക്കപ്പെടുകയും ആ സ്ഥാനത്ത് വൻകിട കോർപ്പറേറ്റുകൾ സ്ഥാനം പിടിക്കുകയും ചെയ്യുന്നു. വന്യ മൃഗ ശല്യം മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. റബ്ബർ വില തകർച്ച മലയോര മേഖലയായ കോന്നിയിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. രാജ്യത്തെ കർഷകർ വലിയ ദാരിദ്രത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി പ്രവർത്തകനും സി പി ഐ കോന്നി ലോക്കൽ കമ്മറ്റി അംഗവുമായ ചിറ്റാർ ആനന്ദൻ മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. വന്യജീവികൾ വനത്തിനുള്ളിൽ നിന്നും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ കാരണങ്ങൾ, ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, വന്യജീവി ആക്രമണങ്ങൾ മൂലം കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ , തുടങ്ങി നിരവധി കാര്യങ്ങൾ സെമിനാറിൽ ചർച്ചയായി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം മലയാലപ്പുഴ ശശി സെമിനാറിൽ മോഡറേറ്ററായി. കിസാൻ സഭ സംസ്ഥാന സമിതിയംഗം അഡ്വ കെ എൻ സത്യാനന്ദപ്പണിക്കർ, സി പി ഐ കോന്നി ലോക്കൽ സെക്രട്ടറി എ ദീപുകുമാർ, ലോക്കൽ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി സി കെ ശാമുവേൽ, സി പി ഐ കോന്നി ലോക്കൽ കമ്മറ്റിയംഗങ്ങളായ അനിൽ ചെങ്ങറ, ബിജി ബി എസ് തുടങ്ങിയവർ സംസാരിച്ചു.