കോന്നി : ചെങ്ങറ പാക്കേജിൽ വാസയോഗ്യമല്ലാത്ത ഭൂമി ലഭിച്ച ഇരുുനൂറ്റിമുപ്പത്തി നാല് കുടുംബങ്ങൾ വീണ്ടും സമരഭൂമിയിലേക്ക്. ചെങ്ങറ സമരം ആരംഭിച്ച 2004 മുതൽ 2009 കാലഘട്ടം വരെ ചെങ്ങറ സമരഭൂമിയിൽ അന്നത്തെ സാഹചര്യത്തിൽ കഴിഞ്ഞവരാണ് ഇപ്പോൾ വീണ്ടും സമര ഭൂമിയിൽ കുടിയേറി കുടിൽ കെട്ടുന്നത്.
2009ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ചെങ്ങറ പാക്കേജിൽ ഉൾപ്പെടുത്തി കാസർകോട്, ഇടുക്കി ജില്ലകളിൽ നിരവധി പേർക്ക് പട്ടയം നൽകിയിരുന്നു. ഇങ്ങനെ പട്ടയം ലഭിച്ചവർ സമരഭൂമി വിട്ട് പട്ടയഭൂമിയിൽ എത്തിയപ്പോഴാണ് വാസയോഗ്യമല്ലെന്ന് തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് തിരികെ ചെങ്ങറ സമരഭൂമിയിൽ പ്രവേശിക്കാൻ ശ്രമം നടത്തിയപ്പോൾ സമരസംഘടന നേതൃത്വം തടഞ്ഞതോടെ വിഷയം സങ്കീർണമായി. തുടർന്ന് 234 കുടുംബങ്ങളുടെ പ്രതിനിധികൾ സംസ്ഥാന ചീഫ് സെക്രട്ടറി മുതൽ ആർ.ഡി.ഒക്ക് വരെ പരാതി നൽകിയെങ്കിലും രണ്ടു വർഷമായിട്ടും പരിഹാരമുണ്ടായിട്ടില്ല .
കഴിഞ്ഞവർഷം നവംബറിൽ അടൂർ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കോന്നി താലൂക്ക് ഓഫിസിൽ യോഗം ചേർന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വീണ്ടും കാത്തിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും പ്രശ്ന പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇവർ വീണ്ടും സമരഭൂമിയിലേക്ക് എത്തിച്ചേരുന്നത്.