തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികത പറയാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി സെക്രട്ടറിയുടെ മകന്‍റെ മയക്കുമരുന്ന് കേസ് പുറത്ത് വരുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥനാവുകയാണ്. മോദിയെയും അമിത് ഷായെയും മുഖ്യമന്ത്രി എന്തിന് പേടിക്കണം? ലാവലിൻ കേസിൽ മുഖ്യമന്ത്രി കേന്ദ്ര സർക്കാറുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടിപ്പോള്‍ അവരെ ഭീഷണിപ്പെടുത്തുന്നു. ഒന്നും മറയ്ക്കാനില്ലെങ്കിൽ അന്വേഷണത്തിന് വിട്ടുകൊടുക്കണം. അന്വേഷണ ഏജൻസികൾ ചോദിക്കുന്ന വസ്തുതകൾ നൽകാത്തതും കുറ്റകൃത്യമാണ്. ശിവശങ്കരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലൻസ് അന്വേഷണം കബളിപ്പിക്കലാണ്. ശിവശങ്കർ അഞ്ചാം പ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് എടുക്കുന്നു. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.