തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ 2019-20 വര്‍ഷത്തെ ഓഡിറ്റ് വേണ്ട എന്ന ഓഡിറ്റ് ഡയറക്ടറുടെ തീരുമാനം അഴിമതി മൂടിവെയ്ക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിയവെയ്ക്കുന്നതിനാണ് ഈ വിചിത്ര നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തി വെയ്ക്കാനുള്ള ഓഡിറ്റ് ഡയറക്ടറുടെ നിര്‍ദ്ദേശം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പടെയുള്ള അഴിമതിയെല്ലാം മൂടിയവയ്ക്കാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റിംഗ് വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നത്. എല്ലാ വര്‍ഷവും നടന്നു വരുന്ന പ്രക്രിയക്കായി ഓഡിറ്റിംഗ് നിര്‍ത്തി വെയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരവ് ചിലവുകള്‍ കണക്കുകള്‍ വിശദമായി പരിശോധിക്കുന്നതും അഴിമതികള്‍ കണ്ടെത്തുന്നതുമെല്ലാം കംപ്ലയിന്റ് പെര്‍ഫോര്‍മന്‍സ് ഓഡിറ്റിങിലൂടെയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വാര്‍ഷിക കണക്കുകള്‍ പരിശോധിച്ച് അതില്‍ അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് ഫിനാന്‍ഷ്യല്‍ ഓഡിറ്റിംഗില്‍ നടക്കുന്നത്.
കേരളത്തില്‍ നൂറു ശതമാനവും ഫിനാന്‍ഷ്യല്‍ കംപഌയിന്റ് പെര്‍ഫാര്‍മന്‍സ് ഓഡിറ്റാണ് നടക്കുന്നതെന്ന് കേരളം ഈ വര്‍ഷം ഓഗസ്റ്റ് 20 ന് കേന്ദ്രത്തിനയച്ച കത്തില്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ഇങ്ങനെ നല്‍കിയ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് ഓഡിറ്റിംഗ് നിര്‍ത്തി വെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഡിറ്റ് ഡയറക്ടറുടെ ചട്ടവിരുദ്ധമായ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ പ്രതിപക്ഷം നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
അഴിക്കോട് എം.എല്‍.എ കെ.എം ഷാജിയെ വധിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാരും ഡി.ജി.പിയും ഗൗരവം കാട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.