കൊച്ചി : ആക്രമണത്തിന് ഇരയായ നടി പരാതിയുമായി കോടതിയെ സമീപിച്ചതിനെ തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ടെന്ന് രമേശ് ചെന്നിത്തല. പരാതിയുള്ളവര്‍ നീതിക്കു വേണ്ടി കോടതിയെ അല്ലാതെ എവിടെയാണ് സമീപിക്കുക. ജയരാജന്റെ പരാമര്‍ശം അനവസരത്തിലുള്ളതായി പോയി. അദ്ദേഹത്തെ പോലെ ഒരാളില്‍ നിന്നും ഇത്തരമൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. അത് പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയുകയാണ് വേണ്ടത്.
യു.ഡി.എഫ് ഭരണകാലത്തും പല കേസുകളിലും അന്വേഷണം നടക്കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ കേസില്‍ അന്വേഷണം തുടരാന്‍ അവരെ അനുവദിച്ചിരുന്നു. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് നേരത്തെ മുതല്‍ ആരോപണമുണ്ട്. അത് ശരിവയ്ക്കുന്നതാണ് ജയരാജന്റെ പ്രസ്താവന. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലെ രാഷ്ട്രീയ നിയമനങ്ങളാണ് കേസ് അട്ടിമറിക്കുന്നതിന് പിന്നിലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ആരോപിച്ചു.
കേസിലെ തുടരന്വേഷണം ഈ മാസം 30 നകം അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഉന്നതരില്‍ നിന്ന് നിര്‍ദേശം ലഭിച്ചുവെന്നും കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ഇനി കോടതിയോട് നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിര്‍ദേശം. കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് ഭരണമുന്നണിയില്‍ നിന്നുതന്നെ സഹായം ലഭിക്കുന്നുവെന്നും അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കുന്നതില്‍ നിന്നും മാറ്റണമെന്നും നടി ആവശ്യപ്പെട്ടിരുന്നു.