തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തില്‍ പങ്കുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്ന് വിവരം പുറത്ത് വരണം. കേസില്‍ ശിവശങ്കരന്‍ മാത്രമല്ല പ്രതി. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി ബാദ്ധ്യസ്ഥനാണെന്നും ചെന്നിത്തല പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നല്‍കിയ സത്യവാങ്മൂലം ഗൗരവരതരമാണെന്നും ലൈഫ് പദ്ധതിയുമായും സ്വര്‍ണക്കടത്തുമായും ബന്ധപ്പെട്ട് പുറത്ത് വരുന്ന പുതിയ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിവിധ അഴിമതികള്‍ കാരണം ഈ സര്‍ക്കാര്‍ ചീഞ്ഞ് നാറുകയാണ്. സമൂഹവും ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ കാണുന്നുണ്ട്. ലോകത്തെ തൈലങ്ങള്‍ മുഴുവന്‍ പുരട്ടിയാലും സര്‍ക്കാരിന്റെ ദുര്‍ഗന്ധം മാറില്ലെന്നും ഇക്കാരണങ്ങളാലാണ് സര്‍ക്കാരിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.