തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ത്തിയ, വൈദ്യുതി വകുപ്പിലെ ട്രാന്‍സ്ഗ്രിഡ് അഴിമതിയാരോപണം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേളയില്‍ രമേശ് ചെന്നിത്തലയാണു മന്ത്രിയോട് അന്വേഷണം ആവശ്യപ്പെട്ടത്. 1000 കോടി രൂപയ്ക്കു നടപ്പാക്കേണ്ട പ്രവൃത്തികള്‍ 3000 കോടി രൂപയ്ക്കു നടപ്പാക്കിയെന്നും വി.എസ് അച്യുതാനന്ദന്‍ എക്കാലവും എതിര്‍ത്തുപോന്ന കമ്പനിക്കാണു കരാര്‍ നല്‍കിയതെന്നും ചെന്നിത്തല ആരോപിച്ചു.
ട്രാന്‍സ്‌ഗ്രിഡ് പദ്ധതിയുടെ കോട്ടയം, കോലത്തുനാട് പാക്കേജുകളുടെ നിര്‍മാണാനുമതി അനധികൃതമായി നല്‍കിയെന്നും സര്‍ക്കാരിനു നഷ്ടമുണ്ടായെന്നും ആരോപിച്ചു ചെന്നിത്തല ലോകായുക്തയില്‍ നല്‍കിയ ഹര്‍ജി തള്ളിയതാണെന്നു മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നാല്‍ തന്റെ ഹര്‍ജി തള്ളിയിട്ടില്ലെന്നും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായതെന്നും ചെന്നിത്തല വിശദീകരിച്ചു. ഹര്‍ജി പുതുക്കി നല്‍കിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി തയാറാണോയെന്നു ചെന്നിത്തല ചോദിച്ചു.
എന്നാല്‍ ചെന്നിത്തലയുടെ പരാതി ലോകായുക്ത തള്ളിയതാണെന്നു മന്ത്രി ആവര്‍ത്തിച്ചു. ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയും തള്ളിയതാണെന്നു പറഞ്ഞ മന്ത്രി, ഗവര്‍ണര്‍ക്കു കെഎസ്‌ഇബി നല്‍കിയ വിശദീകരണക്കുറിപ്പ് സഭയില്‍ വായിച്ചു. അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കിയില്ല. ട്രാന്‍സ്ഗ്രിഡ് പദ്ധതി ആദ്യഘട്ടം ഈ വര്‍ഷവും രണ്ടാംഘട്ടം 2026ലും പൂര്‍ത്തിയാക്കുമെന്നു മന്ത്രി അറിയിച്ചു.