തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താത്ത നടപടിയില്‍ ഓഡിറ്റ് ഡയറക്‌ടറെ പിരിച്ചുവിടണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി വാചക കസര്‍ത്ത് നടത്തുകയാണ്. ധനമന്ത്രിയുടെ പറച്ചില്‍ കേട്ടാല്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വീട് വച്ച് കൊടുക്കുന്നതെന്ന് തോന്നും. ധനമന്ത്രി എത്ര വെളളപൂശാന്‍ ശ്രമിച്ചാലും ഓഡിറ്ററെ പുറത്താക്കിയേ മതിയാകൂ. അടിയന്തരമായി തദ്ദേശ സ്ഥാപനങ്ങളിലെ വരവ് ചെലവുകളും മറ്റ് കണക്കുകളും ഓഡിറ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊളളയ്‌ക്ക് കൂട്ട് നില്‍ക്കുന്നത് ധനമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. അഴിമതി മൂടിവയ്‌ക്കാനാണ് ഓഡിറ്റ് നടത്താത്തത്. നിയമപരമായി നടക്കേണ്ട ഓഡിറ്റുകള്‍ മാറ്റിവച്ച് അഴിമതിക്ക് കുടപിടിക്കുകയാണ്. കൊവിഡിന്റെ മറവില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.