തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിന് പിന്നാലെ എ കെ ആൻ്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ പ്രതികരിച്ചത് തെറ്റായി പോയെന്ന് തുറന്നു പറഞ്ഞ് ചെറിയാന്‍ ഫിലിപ്പ്. അതേസമയം കഴിഞ്ഞ ഇരുപതുകൊല്ലം തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരണം നടത്തിയത്. ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്യുന്നതായി കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയും ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ചെറിയാന്‍ ഫിലിപ്പിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതല്‍ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഇക്കാര്യം ആൻ്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.
കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദുഃഖമുണ്ടെന്നു കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആൻ്റണി 2010 ല്‍ കെ.ടി ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലാണ്.
ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിൻ്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സിപിഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.
1976 മുതല്‍ 1982 വരെ ഞാന്‍ വീക്ഷണത്തിൻ്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആൻ്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം രംഗത്തുവന്നിരുന്നു അപരാധങ്ങള്‍ ഏറ്റുപറഞ്ഞ് തെറ്റ് തിരുത്തി വന്നാല്‍ സ്വീകരിക്കുമെന്നാണ് മുഖപ്രസംഗത്തില്‍ പറയുന്നത്. രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഎം ചതിച്ചെന്ന വിലയിരുത്തലിലാണ് നിലപാട്. മോഹമുക്തനായ ചെറിയാന് വീണ്ടും അവഗണന എന്ന തലക്കെട്ടുള്ള മുഖപ്രസംഗത്തില്‍ തുടലിലിട്ട കുരങ്ങനെപ്പോലെ ചാടിക്കളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞ് ചുടുചോറ് മാന്തിച്ച് ചെറിയാന്‍ ഫിലിപ്പിനെ സിപിഎം വഞ്ചിച്ചുവെന്ന് ആരോപിക്കുകയാണ്. കാരണങ്ങളും നിരത്തുന്നുണ്ട്.
2001ല്‍ തിരുവനന്തപുരം വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിൻ്റെ പേരിലായിരുന്നു ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടത്. കെ.ടി.ഡി.സി പ്രസിഡന്റ്, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ ആശ്വാസ പദവികള്‍ക്കപ്പുറം സിപിഎം ചെറിയാന് ഒന്നും നല്‍കിയില്ല. 2016ല്‍ രാജ്യസഭാ സീറ്റിലേക്ക് പരിഗണിച്ചെങ്കിലും എളമരം കരീമിന് വേണ്ടി തഴഞ്ഞു. ഇത്തവണ രണ്ട് സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിയുടെ അടുക്കള സംഘത്തിന് വേണ്ടി ചെറിയാനെ വീണ്ടും ഒഴിവാക്കിയെന്നും ആരോപിക്കുന്നു. വിമതരായ ടി.കെ.ഹംസയേയും ലോനപ്പന്‍ നമ്പാടനെയും കെ.ടി.ജലീലിനെയും സ്വീകരിച്ച് മന്ത്രിയാക്കിയ സിപിഎം ചെറിയാന്‍ ഫിലിപ്പിനോട് കാണിച്ചത് ചിറ്റമ്മ നയമെന്നുമാണ് ആക്ഷേപം.
ഈ സാഹചര്യത്തിലാണ് തെറ്റുതിരുത്തിയെത്തിയാല്‍ സ്വീകരിക്കുമെന്ന വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുന്നതിനപ്പുറം ചെറിയാന്‍ ഫിലിപ്പിനോടുള്ള രൂക്ഷവിമര്‍ശനവും ആക്ഷേപവും മുഖപ്രസംഗത്തിലുണ്ട്. ഉമ്മന്‍ ചാണ്ടിക്കും എ.കെ.ആൻ്റണിക്കുമെതിരെ ചെറിയാന്‍ പറഞ്ഞതൊന്നും സാമാന്യമര്യാദക്ക് നിരക്കുന്നതല്ല. അതുകൊണ്ട് പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന് പറയുന്നത് പോലെ കോണ്‍ഗ്രസിനെ ചതിച്ച ചെറിയാനെ സിപിഎം ചതിച്ചുവെന്നുമാണ് വിലയിരുത്തല്‍. ആക്ഷേപത്തോടും കോണ്‍ഗ്രസിലേക്കുള്ള ക്ഷണത്തോടും പ്രതികരിക്കാനില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പിൻ്റെ നിലപാട്.