ആലപ്പുഴ : ആര്‍എസ്‌എസ് – എസ് ഡി പി ഐ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് സംഘര്‍ഷം നിലനിക്കുന്നതിനാല്‍ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ആണ് ഉത്തരവിട്ടത്. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി.
1973-ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇരുപത്തിയഞ്ചോളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.