ചെറുകോൽ : പ്രദേശവാസികളുടെ ദീർഘനാളത്തെ കാത്തിരുപ്പിന് വിരാമമിട്ട് ചെറുകോൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് തയ്യാറായി. 2020-21 സാമ്പത്തികവർഷത്തിൽ സംസ്ഥാന സർക്കാരിന്റെ ‘റീ ബിൽഡ് കേരള’ പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിൽ നിർമാണത്തിന് അനുമതി ലഭിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം 2021-ൽ തുടങ്ങിയെങ്കിലും മുടങ്ങിക്കിടക്കുകയായിരുന്നു. 2021 ഫെബ്രുവരിയിലാണ് ജില്ലയിലെ 12 വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനം അന്നത്തെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചത്.
ചെറുകോൽ ഒഴികെ മറ്റു മിക്ക വില്ലേജ് ഓഫീസുകളുടെയും നിർമാണം ഒരുവർഷം മുൻപ് പൂർത്തിയായി ഉദ്ഘാടനവും നടന്നു. ചെറുകോലിന്റെ നിർമാണം മാത്രമാണ് തടസ്സപ്പെട്ട് കിടന്നത്. കെട്ടിടനിർമാണത്തിന്റെ ഭാഗമായി പഴയകെട്ടിടത്തിന് സമീപത്തെ മണ്ണ് നീക്കം ചെയ്തപ്പോൾ വലിയതോതിൽ പാറ കണ്ടതിനെതുടർന്ന് കരാറുകാരൻ പണി ഉപേക്ഷിച്ചുപോയി. നിർമിതികേന്ദ്രത്തിന് ആയിരുന്നു നിർമാണച്ചുമതല. ഇതിനുശേഷം നിരവധിതവണ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും ഒന്നര വർഷത്തോളം ആരും കരാർ ഏറ്റെടുക്കാതെ പണി മുടങ്ങിത്തന്നെ കിടന്നു.
നാൽപത് വർഷത്തിലധികം പഴക്കമുള്ള പഴയ വില്ലേജ് ഓഫീസ് കാലപ്പഴക്കം മൂലം പൊട്ടി പൊളിഞ്ഞ് മഴപെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. പുതിയ വില്ലേജ് ഓഫീസ് എന്ന സ്വപ്നം യഥാർഥ്യമാക്കണമെന്നുള്ള നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടർന്നും സി.പി.ഐ.അധ്യാപകസംഘടനാ നേതാവും പ്രദേശവാസിയുമായ കെ.എ.തൻസീറിന്റെ നേതൃത്വത്തിൽ റവന്യൂ മന്ത്രിക്ക് 2023 മേയിൽ നേരിട്ട് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.രാജന്റെ നേരിട്ടുള്ള ഇടപെടലിൽ മറ്റൊരു കരാറുകാരൻ നവംബർ മാസത്തിൽ പണി ഏറ്റെടുത്തു. ഒൻപതുമാസം കൊണ്ട് ഫർണിഷിങ് ജോലികൾ ഉൾപ്പെടെ പുതിയ വില്ലേജ് ഓഫീസിന്റെ മുഴുവൻ പണിയും പൂർത്തിയായി. ഈ മാസം അവസാനത്തോടെ റവന്യൂ മന്ത്രി ഉദ്ഘാടനം നിർവഹിക്കും. സിറ്റ്ഔട്ട്, സന്ദർശകമുറി, വില്ലേജ് ഓഫീസർക്കും സ്റ്റാഫുകൾക്കും പ്രത്യേക മുറി, ഭക്ഷണമുറി, രേഖകൾ സൂക്ഷിക്കാൻ റെക്കോഡ് റൂം, ഒപ്പം രണ്ടു ശുചിമുറിയും ചേർന്നതാണ് ഏകദേശം 1200 ചതുരശ്രഅടി ഉള്ള പുതിയ വില്ലേജ് ഓഫീസിന്റെ രൂപരേഖ.





























