കോഴഞ്ചേരി : ചെറുകോൽപ്പുഴ അയിരൂർ മാനവമൈത്രി ചതയ ജലോത്സവം സെപ്റ്റംബർ 10 ന് പമ്പാനദിയില്‍ നടക്കും. പുതിയകാവ് ദേവീ ക്ഷേത്രക്കടവിൽ നടക്കുന്ന ജലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് ചെയർമാനും, പഞ്ചായത്ത് സെക്രട്ടറി സനിൽകുമാർ ജനറൽ കൺവീനറുമായുള്ള വിപുലമായ സ്വഗത സംഘമാണ് രൂപീകരിച്ചത്.
മഹാപ്രളയവും കോവിഡും മൂലം 2019 മുതൽ ജലോത്സവം നടത്താൻ കഴിഞ്ഞിരുന്നില്ല. അതു കൊണ്ടു തന്നെ ഇക്കുറി വള്ളംകളി വിപുലമായി നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.9 ന് അവിട്ടം നാളിൽ പുതിയകാവിൽ നിന്നും വിളംബര ഘോഷയാത്ര നടത്തും. പകൽ 2.30 ന് ആരംഭിക്കുന്ന ഘോഷയാത്ര ചെറുകോൽപ്പുഴയിൽ സമാപിക്കും.
ഘോഷയാത്രയിൽ സാമൂഹിക, കലാ, സാഹിത്യ ,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർപേഴ്സൺ അനിതാ കുറുപ്പ് അറിയിച്ചു.