റാന്നി : ചെത്തോങ്കര വലിയ തോട് ചെറുതാവില്ല. തോടിന്റെ വീതി കൂട്ടുന്നതിന് മുന്നോടിയായി മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാത അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായി റോഡിന് വീതി വർധിപ്പിച്ചപ്പോൾ വലിയ തോടിൻറെ മുതൽ എസ്. സി ഹയർ സെക്കണ്ടറി സ്കൂൾപടി വരെയുള്ള ഭാഗം തോട്ടിലേക്ക് ഇറക്കി കെട്ടിയിരിക്കുകയാണ്. ഇത് മൂലം തോടിൻറെ വീതി വളരെ കുറഞ്ഞു.
മഴക്കാലത്ത് ഒഴുകിയെത്തുന്ന മലവെള്ളപ്പാച്ചിൽ ഉൾക്കൊള്ളാനുള്ള വീതി തോടിന് ഇല്ലാതെയായി. ഇത്തരത്തിൽ റോഡിന് വീതി വർധിപ്പിക്കുമ്പോൾ തോട് ഇടുങ്ങുന്നത് ഒഴിവാക്കി തോടിന് വീതി കൂട്ടുന്നതിനായി തോടിൻറെ മറുകരയിലുള്ള സ്ഥലം നേരത്തെ തന്നെ കെ എസ് ടി പി വിലകൊടുത്ത് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ നാളിതുവരെയായിട്ടും ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിക്കാനോ മണ്ണ് നീക്കി തോടിൻറെ വീതി വർധിപ്പിക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.
ഈ വിഷയം രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും താലൂക്ക് വികസന സമിതി യോഗത്തിൽ ശക്തമായി ഉന്നയിച്ചിരുന്നു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഇടപെട്ട് വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെയും കെഎസ്ടിപി എം ടി ഉൾപ്പെടെയുള്ളവരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു മണ്ണ് നീക്കം ചെയ്തു റോഡിൻറെ വീതി വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഇതിന് മുന്നോടിയായിട്ടാണ് മണ്ണ് നീക്കം ചെയ്യേണ്ട ഭാഗത്തെ മരങ്ങൾ ലേലം ചെയ്ത് മുറിച്ചു മാറ്റുന്നത്. മണ്ണ് നീക്കം ചെയ്യുന്നതോടെ മറുകരയിലെ വസ്തു ഉടമകളുടെ വസ്തുക്കൾ കുത്തൊഴുക്കിൽ തിട്ടൽ ഇടിഞ്ഞ് നഷ്ടപ്പെടാനിടയുണ്ട്. അതിനാൽ ഈ ഭാഗം ഡി ആർ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. ഡി.ആര്‍ കെട്ടുന്നതിനുള്ള ഒരു മീറ്റർ സ്ഥലം സൗജന്യമായി വിട്ടുനല്‍കുന്നതിന് വസ്തു ഉടമകളുമായി എം.എല്‍.എ ചർച്ച നടത്തി ധാരണയില്‍ എത്തിയിരുന്നു.