ചാവക്കാട്: ചേറ്റുവ പാലത്തിനു മുകളില്‍ കണ്ടെയ്നര്‍ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മിനിലോറിയിലെ ജീവനക്കാരായ മേലേ പട്ടാമ്പി കൊളമ്പില്‍ വീട്ടില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദാലി (കുഞ്ഞു മണി – 49), ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര നൂറുല്‍ ഹിദായ ഇസ്ലാമിക് കോംപ്ലക്സിന് സമീപം കൊപ്പത്ത് പാറമ്മേല്‍ ബാവയുടെ മകന്‍ കെ.പി. ഉസ്മാന്‍ (60) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെ ചേറ്റുവ പാലത്തിന് മുകളിലാണ് അപകടമുണ്ടായത്. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നര്‍ ലോറി മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മിനി ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് മിനിലോറിയുടെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ചേറ്റുവ ടി. എം ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരത്തെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.