കോഴിക്കോട് : ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പ്രതികളെ കൂടി പോലിസ് പിടികൂടി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് ഇന്ന് പുലര്‍ച്ചയോടെ പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളുള്‍പ്പെടെ പരാതികളുന്നയിച്ചതോടെ കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പോലിസ് അന്വേഷിക്കും.
കൊല്ലം സ്വദേശിയായ യുവതിയെ(32) സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ലോഡ്ജിലെത്തിച്ചാണ് പീഡിപ്പിച്ചത്.
നടന്നത് ക്രൂര പീഡനമെന്ന് പോലിസ് വ്യക്തമാക്കി. അജ്‌നാസാണ് യുവതിയുമായി ടിക് ടോക് വഴി പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയ ശേഷം മയക്കുമരുന്ന് നല്‍കി നാല് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
യുവതിക്ക് മദ്യവും മയക്കുമരുന്നും നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്നാണ് പോലിസ് പറയുന്നത്. യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പോലിസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായിരുന്നു.