ദില്ലി: ബലാത്സംഗം, പീഡനം തുടങ്ങി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് തടയുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. റായ്പൂരിലെ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
‘സ്ത്രീകളുടെ സുരക്ഷ, അവരുടെ അന്തസ്സ്, അഭിമാനം എന്നിവ ഉറപ്പാക്കുക എന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുക, ബലാത്സംഗം ചെയ്യുക, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചു.’ ബാഗേല്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളെ കുറിച്ചുള്ള കാര്യങ്ങള്‍ അടുത്ത പാഠ്യ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിലൂടെ ഭാവിയിലെ സാങ്കേതിക വിദ്യയ്ക്കായി കുട്ടികളെ സ്വയം തയ്യാറാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.