ന്യൂഡൽഹി : വോട്ടിരട്ടിപ്പ് വിവാദം മറികടക്കാൻ വോട്ടർപട്ടിക നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ നീക്കം. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിലപാടിന് വിരുദ്ധമാണിത്. മാർച്ച് നാലിന് ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഈ നിർദേശം മന്നോട്ടുവെച്ചിരുന്നു. ഇതിനുശേഷം ഇൗ നിർദേശം കുറിപ്പായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അവർ വഴി ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർക്കും അയച്ചുകൊടുത്തു.
2022ലെ വോട്ടർ രജിസ്ട്രേഷൻ (ഭേദഗതി) ചട്ടം 26 ബി പ്രകാരം വോട്ടർപട്ടികയിൽ പേരുള്ളവർക്കും 6 ബി ഫോറം ഉപയോഗിച്ച് തങ്ങളുടെ ആധാർ അതുമായി ബന്ധിപ്പിക്കാം. എന്നാൽ, വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധല്ലെന്നും വോട്ടർക്ക് ഇഷ്ടപ്രകാരം ചെയ്യാമെന്നും 2022ൽ ഇതുമായി ബന്ധപ്പെട്ട കേസിൽ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടിയെ അറിയിച്ചിരുന്നു. ഒരേ എപിക് നമ്പറിൽ ഒന്നിലധികം പേർ വോട്ടർപട്ടികയിൽ വന്നത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷൻ കൃത്രിമം കാണിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഗുരുതര ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിച്ച് ഈ പരാതിക്ക് അറുതിവരുത്താനാണ് കരുതുന്നതെന്ന് മുതിർന്ന കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.