റാന്നി : പുതമൺ പാലത്തിൻറെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു. പാലം നിർമ്മാണം വൈകുന്ന സാഹചര്യത്തിൽ അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ചീഫ് എൻജിനീയർ ഐജിൻ റോബർട്ട് സ്ഥലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തിയത്. സെപ്റ്റംബറിൽ തന്നെ പാലത്തിന്‍റെ കോൺക്രീറ്റിംഗ് പൂർത്തിയാക്കും. അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി ഒക്ടോബറില്‍ പാലം തുറന്നു കൊടുക്കാൻ ആകും. നിലവിൽ കരാറുകാരന്റെ കാലാവധി ഒക്ടോബർ വരെയാണ്.
ഇപ്പോൾ വാഹന ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന താൽക്കാലിക പാതയുടെ അറ്റകുറ്റപ്പണികളും ഇതോടൊപ്പം ആരംഭിച്ചു. തോടിന്റെ മധ്യത്തിൽ ഒരു തൂണും ഇരുവശങ്ങളുമായി ഓരോ തൂണുകളും ആണ് പാലത്തിന് ഉള്ളത്. ഇവയുടെ നിർമ്മാണം പൂർത്തിയായി. തോട്ടിലൂടെയുള്ള വെള്ളമൊഴുക്കിന് അനുസരിച്ച് പൈലിംഗ് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ നടത്തേണ്ടി വന്നതിനാലാണ് തൂണുകളുടെ നിർമ്മാണം വൈകാനിടയായത്. തോട്ടിലൂടെ ഇടയ്ക്ക് എത്തുന്ന അമിത വെള്ളപ്പാച്ചിലാണ് സ്ലാബ് വാർക്കുന്നതിനും ഇപ്പോൾ തടസ്സമായി നിൽക്കുന്നത്. റാന്നി- കോഴഞ്ചേരി റോഡിൽ പെരുന്തോടിനു കുറുകെയുള്ള പുതമൺ പഴയപാലം അപകടാവസ്ഥയിലായതോടെയാണ് അത് പൊളിച്ചുമാറ്റി പുതിയ പാലം നിർമ്മിക്കുന്നത്. ഇപ്പോൾ ഗതാഗതം സാധ്യമാക്കുന്നതിന് വേണ്ടി താൽക്കാലിക പാതയും അതോടൊപ്പം നിർമിച്ചിട്ടുണ്ട്.