തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏതു സമയവും അറസ്റ്റ് ചെയ്യുവാന്‍ സാധ്യതയുള്ള കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ സഹദുള്ളയുടെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ വി.മുരളീധരന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ശശി തരൂര്‍ എം.പി., കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഡോ.എം.ഐ സഹദുള്ളയുടെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യദ്രോഹകേസിൽ പ്രതിസ്ഥാനത്തുള്ള ആളുടെ സ്ഥാപനത്തിന്റെ ഉത്ഘാടനത്തിന് കേന്ദ്ര മന്ത്രി തന്നെ എത്തുന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെടും. പ്രത്യേകിച്ച് ഇ.ഡി യുടെ അന്വേഷണവും നിയമനടപടികളും നടന്നുകൊണ്ടിരിക്കുമ്പോള്‍. നാളെ ഉദ്ഘാടനം ചെയ്യുന്ന കെട്ടിടം ഉള്‍പ്പെടെ കിംസ് ആശുപത്രിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ ഒരുങ്ങുകയാണ്. ഇത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡോ.എം.ഐ സഹദുള്ള ഹൈക്കോടതിയില്‍ നല്‍കിയ കേസും എങ്ങും എത്തിയിട്ടില്ല. ഈ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുകയാണ്. അതുകൊണ്ടാണ് വളരെ തിരക്കിട്ട് കേസിന്റെ അവധിയുടെ തലേദിവസം ഇവിടെ ഉദ്ഘാടനം നടത്തുന്നത്. 670 പേരിൽ നിന്നാണ് ഇ.ഡി തെളിവെടുപ്പ് നടത്തിയത്. പഴുതുകള്‍ അടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പരിശോധനകളില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഒരിക്കല്‍ ഉദ്ഘാടനം നടത്തിയ കെട്ടിടംതന്നെ വീണ്ടും ഉദ്ഘാടനം നടത്തുന്നത് പ്രത്യേക ഉദ്ദേശലക്ഷ്യത്തോടെ ആണെന്നുവേണം കരുതാന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെ ഭയന്ന് കേരളാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ആളാണ് ഡോ.എം.ഐ സഹദുള്ള. ഇതുവരെ ജാമ്യം ലഭിച്ചിട്ടുമില്ല. ഇങ്ങനെ ഒരാളിന്റെ ക്ഷണം സ്വീകരിച്ച് അതിപ്രധാന വ്യക്തികള്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും പങ്കെടുക്കുന്ന ഈ ചടങ്ങിനെപ്പറ്റി കേന്ദ്ര -സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും വേണ്ടത്ര അന്വേഷിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ചടങ്ങില്‍ ഇവര്‍ പങ്കെടുക്കുന്നതോടെ കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എം.ഐ സഹദുള്ളയുമായി ഇവര്‍ക്കുള്ള രഹസ്യ ബന്ധമാണ് പുറത്തുവരുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരനെ ഉത്ഘാടനത്തിന് എത്തിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പാലക്കാട് കാരനായ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കേരളാ പോലീസിന്റെ നടപടികള്‍ക്ക് തടയിടുവാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് വളരെ അടുത്ത ബന്ധം ഉണ്ടെന്ന് കാണിക്കുവാന്‍ എം.ഐ സഹദുള്ള നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി ഇതിനെ കാണാം. കേന്ദ്ര മന്ത്രി വി.മുരളീധരനെ സ്വാധീനിച്ചുകൊണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഒതുക്കാമെന്നും സഹദുള്ള കണക്ക് കൂട്ടുന്നു. രമേശ് ചെന്നിത്തലയെ പങ്കെടുപ്പിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളും ഒഴിവാക്കാം. എന്തായാലും വളരെ കണക്കുകൂട്ടലോടെയാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ കെട്ടിടത്തിന്റെ രണ്ടാം ഉദ്ഘാടനം നടക്കുന്നത്. ഒരുപക്ഷെ ഇനിയും പല ഉത്ഘാടന മാമാങ്കങ്ങളും ഇവിടെ നടക്കും. ഇ.ഡിയുടെ തുടര്‍ച്ചയായ റെയിഡുകളും നടപടികളും മൂലം സഹദുള്ളക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട്. ഇത് മറച്ചു പിടിക്കാന്‍ ഇത്തരം നടപടികള്‍ ഉണ്ടായേ പറ്റൂ.