തിരുവനന്തപുരം: മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനിയുടെ വക്താവായി മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ല. അദ്ദേഹം പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ മറുപടി പൊതുസമൂഹത്തെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് പല വ്യാജപ്പേരുകള്‍ സ്വീകരിച്ചിട്ടുണ്ട്.
നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പ്രൈസ് വാട്ടര്‍ ഹൗസ് ഇന്ത്യ എന്ന വ്യാജപ്പേര് ബഹുരാഷ്ട്ര കമ്പനി സ്വീകരിച്ചിരിക്കുന്നത്. സെബി നിരോധിച്ച കമ്പനിക്ക് തന്നെയാണ് സംസ്ഥാനസര്‍ക്കാര്‍ കരാര്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ വാദങ്ങള്‍ നിലനില്‍ക്കില്ല. സെബിയുടെ ഉത്തരവ് വായിച്ചുനോക്കാതെയാണ് നിരോധനം വേറെ കമ്പനിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ കാര്യങ്ങളും പഠിച്ചിട്ടാണ് താന്‍ ഈ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്പനിക്കെതിരെ സ്വീകരിച്ച നടപടി ഫലപ്രദമാക്കാന്‍ നെറ്റ്‌വർക്ക് നിരോധിക്കണമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയാതെയാണ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയേയും അറിവിനേയും ചോദ്യം ചെയ്യുകയാണ്. പദ്ധതി സുതാര്യമായി നടത്താമെന്നിരിക്കെ സ്വിറ്റ്‌സര്‍ലാന്‍ഡ് കമ്പനിയെ വഴിവിട്ട് സഹായിക്കാനാണ് മുഖ്യമന്ത്രി ഇതൊക്കെ ചെയ്‌തത്. അദ്ദേഹത്തിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് സന്ദര്‍ശനം ഇതിനോടൊപ്പം കൂട്ടിവായിക്കണമെന്നും ചെന്നിത്തല പറഞ്ഞു.