തിരുവനന്തപുരം : പോലീസ് വീഴ്ചകള്‍ സംബന്ധിച്ച വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീനാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി നിലവില്‍ റിമാന്‍ഡിലാണെന്നും പ്രതിയ്ക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്താമരയെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു. പരാതി കിട്ടിയിട്ടും വീഴ്ച വരുത്തിയതിന് പോലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ കുടുംബാംഗങ്ങളെ നടുറോട്ടില്‍ മര്‍ദിച്ചതിലും എസ്‌ഐ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് വീഴ്ചയില്‍ കൃത്യമായ നടപടി എടുത്തിട്ടുണ്ട്. ചെറിയ വീഴ്ചകളെ പൊതുവത്കരിച്ച് ചിത്രീകരിക്കുന്നു. സഭ നിര്‍ത്തി വെച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോലീസിന് സമനില തെറ്റി. പിണറായി കാലത്തെ ക്രമസമാധാന നില ലജ്ജാവഹമാണെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. രണ്ട് സംഭവങ്ങളിലും പോലിസിന് സംഭവിച്ച വീഴ്ച എണ്ണിപ്പറഞ്ഞ പ്രതിപക്ഷം ക്രമസമാധാനം തകര്‍ന്നു എന്ന് സമര്‍ത്ഥിക്കാനാണ് ശ്രമിച്ചത്. ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ക്രമസമാധാനം ആകെ തകര്‍ന്നു എന്ന പ്രതിപക്ഷ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ചില സംഭവങ്ങള്‍ മാത്രം എടുത്ത്കാട്ടി ക്രമസമാധാനം ആകെ തകര്‍ന്നുവെന്ന് പറഞ്ഞാല്‍ അത് കേരളത്തിന്റെ പൊതു ചിത്രമാകില്ലന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തെറ്റിനെ തെറ്റായി കാണാം. കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രസംഗത്തിനിടെ പ്രതിപക്ഷ
നേതാവും സ്പീക്കറും തമ്മിലും തര്‍ക്കിച്ചു. പോലീസ് വീഴ്ചകള്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ചത് ശരാശരി മലയാളിയുടെ മനസിലുള്ള കാര്യങ്ങളാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.