തിരുവനന്തപുരം : ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നത്. പ്രത്യാശയുടെ പ്രകാശത്തെ തടുത്തുനിര്‍ത്താന്‍ ലോകത്ത് ഒരു പ്രതിബന്ധത്തിനും സാധിക്കില്ലെന്ന സന്ദേശമാണ് ഈസ്റ്റര്‍ മുന്നോട്ടുവെക്കുന്നത്. നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും തുല്യരായി സന്തോഷത്തോടെ വാഴുന്ന നല്ലൊരു നാളെ സ്വപ്നം കാണുന്ന നാമെല്ലാവരെയും സംബന്ധിച്ചിടത്തോളം നവകേരളം കെട്ടിപ്പടുക്കാനായുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈസ്റ്റര്‍ ആഘോഷങ്ങളെന്നും മുഖ്യമന്ത്രി കുറിച്ചു.
പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്ററെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ പെരുന്നാള്‍. മനുഷ്യന്‍ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രന്‍ സ്വയം ബലിയര്‍പ്പിച്ച് ക്രൂശിതനായതിന്റെ ഓര്‍മ്മകള്‍ കൂടിയാണിത്. ജീവിതത്തില്‍ വീഴാതെ പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണെന്നും വി ഡി സതീശൻ കുറിച്ചു.