കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ടൂറിസം വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രാദേശിക ജനതയില്‍നിന്ന് മാന്യമായ പരിഗണന ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. വിനോദസഞ്ചാരികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും നന്നായി ഇടപഴകുകയും വേണം. ഇവിടെ നിന്ന് ലഭിക്കുന്ന മികച്ച അനുഭവങ്ങളിലൂടെ അവരെ വീണ്ടും ഇവിടേക്ക് ആകര്‍ഷിക്കാനാകണം.
ടൂറിസം മേഖലയില്‍ വലിയ കുതിപ്പിലാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മലബാറിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള വിവിധ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായി. മറ്റ് ഘട്ടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രദേശത്തേക്ക് ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകും. സംസ്ഥാനത്തിന്‍റെയാകെ ടൂറിസം വികസനത്തിന് ഈ പദ്ധതി സഹായിക്കും. പദ്ധതിയുടെ ഭാഗമായുള്ള വികസനം ഉള്‍പ്പെടുന്ന ധര്‍മ്മടം ദ്വീപ് ദേശാടന പക്ഷികളെ ആകര്‍ഷിക്കുന്ന ഇടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.