24 C
Pathanāmthitta
Tuesday, June 21, 2022 9:56 pm

കേരളത്തിന്റെ പൊതുവിതരണ രംഗത്തെ രാജ്യം ശ്രദ്ധിക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്റെ പൊതുവിതരണ സമ്പ്രദായം അങ്ങേയറ്റം മാതൃകാപരമാണെന്നും അതു രാജ്യം പ്രത്യേകതയോടെ ശ്രദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സപ്ലൈകോയുടെ പുതിയതും നവീകരിച്ചതുമായ 25 ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കൂടുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വരണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതായും ജനപിന്തുണയോടെ പുതിയ മാനങ്ങളിലേക്ക് ഉയരാന്‍ സപ്ലൈകോയ്ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റ് നേരിട്ടും മറ്റ് 24 എണ്ണം ഓണ്‍ലൈനായും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ക്കു കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2016ല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപിച്ചിരുന്നു. അത് 2021 വരെ തുടര്‍ന്നു. ജനം അതേ സര്‍ക്കാരിനു ഭരണത്തുടര്‍ച്ച നല്‍കിയപ്പോള്‍ 2016ലെ വിലയില്‍ ഒരു വര്‍ധനയും വരുത്താതെ അതു തുടരുകയാണ്. ന്യായവിലയും ഉന്നത ഗുണനിലവാരവും ഉറപ്പാക്കിയാണ് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്.

കോവിഡ് പ്രതിസന്ധിയില്‍ നാട്ടില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിനു സപ്ലൈകോ വലിയ പിന്തുണ നല്‍കിയതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യകാര്യത്തില്‍ സ്വയംപര്യാപ്തത നേടിയിട്ടില്ലാത്ത കേരളത്തിന് കോവിഡിന്റെ ആദ്യഘട്ട വ്യാപനം വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ഇവിടേയ്ക്ക് എത്തിക്കാനാകാത്ത സ്ഥിതിയുണ്ടായേക്കാമെന്ന ഘട്ടത്തില്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പൂര്‍ണ മനസോടെ കേരളം ഏറ്റെടുത്തു. ലോക്ക്ഡൗണില്‍ ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ അന്നന്ന് അധ്വാനിച്ചു കിട്ടുന്നതുകൊണ്ടു ജീവിച്ചുവരുന്ന കുടുംബങ്ങള്‍ വലിയ പ്രതിസന്ധിയിലായി. ഇവര്‍ പട്ടിണിയിലേക്കു വഴുതി വീഴുമെന്ന ദുരവസ്ഥ കണ്ടാണ് കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്. അതിലൂടെ കേരളം ലോകത്തിനു മുന്നില്‍ത്തന്നെ മാതൃകയായി. എത്ര വലിയ ദുരിതം വന്നാലും നാട്ടില്‍ ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന സ്ഥിതി സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജനകീയ ഭക്ഷണശാലകളും വലിയ വിജയമായി. 20 രൂപയ്ക്ക് ഇവിടങ്ങളിലൂടെ ഭക്ഷണം നല്‍കി. പണം ഇല്ലാതിരുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. ഇതിനു വലിയ സ്വീകാര്യത നാട്ടില്‍ ലഭിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സപ്ലൈകോയിലൂടെ ഗുണമേന്‍മയുള്ള ഉത്പന്നങ്ങള്‍ സുതാര്യമായി ജനങ്ങളിലേത്തിക്കാനുള്ള നവീന പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സപ്ലൈകോയുടെ വിതരണ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കല്‍, ഗോഡൗണുകളില്‍ ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മേയര്‍ ആര്യ രാജേന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ സഞ്ജീബ് പട്‌ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular