തിരുവനന്തപുരം: തീപിടിത്തമുണ്ടായപ്പോള്‍ താന്‍ നേരിട്ടിടപെട്ട് ചില രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും പുറത്താക്കിയത് സംഘര്‍ഷം ഒഴിവാക്കാനെന്ന വിശദീകരണവുമായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. സെക്രട്ടറിയറ്റിനെ രാഷ്ട്രീയ വേദിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയറ്റില്‍ കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായപ്പോള്‍ സ്ഥലത്തെത്തിയ എംഎല്‍എമാര്‍ അടക്കമുള്ള രാഷ്ട്രീയനേതാക്കളെയും മാധ്യമ പ്രവര്‍ത്തകരെയും പുറത്താക്കിയ സംഭവത്തെക്കുറിച്ച് സ്വകാര്യ ചാനലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടറിയറ്റ് എന്റെ ക്ഷേത്രമാണ്. എന്റെ കര്‍മ ഭൂമിയാണ്. അതിനകത്ത് ഏതു രാഷ്ട്രീയക്കാരനായാലും ശരി, വരാന്‍ പാടില്ല. അവിടെ വന്നിട്ടു പ്രസംഗിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാം, പറയാം. പ്രവേശിക്കാന്‍ അനുമതി ചോദിക്കാം. അതിനകത്ത് ഒരു സംഭവമുണ്ടായാല്‍ രാഷ്ട്രീയ വേദിയാക്കി മാറ്റാന്‍ അനുവദിക്കില്ല. അതു കൊണ്ടാണു വിഷയത്തില്‍ ഇടപെട്ടതും കര്‍ശന നിലപാട് എടുത്തതുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
താനൊരു യോഗത്തിലായിരുന്നുവെന്നും പോലീസിനെയോ ഡിജിപിയെയോ വിളിച്ചു പറയാന്‍ സമയമുണ്ടായിരുന്നില്ലെന്നും അതിനിടയ്ക്ക് ആളുകള്‍ അകത്തു കയറി ബഹളമുണ്ടാക്കി പ്രസംഗിക്കാന്‍ തുടങ്ങിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇനി അവര്‍ ഓഫീസിനകത്തു കയറും. 500 ആളുകള്‍ അവിടെ ഇരുന്നു കഴിഞ്ഞാല്‍ അതു പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ലാത്തിച്ചാര്‍ജിലേക്കും മറ്റും നയിക്കുകയും ചെയ്യും. ഇതൊക്കെ അനുവദിക്കാന്‍ പറ്റുമോയെന്നും ചീഫ് സെക്രട്ടറി ചോദിച്ചു.