ഹൈദരാബാദ്: തായ്‌ലൻഡിൽ വൻ ചൂതാട്ട റാക്കറ്റ് നടത്തുന്ന തെലങ്കാന സ്വദേശി ചിക്കോട്ടി പ്രവീണിനെയും സംഘത്തെയും തായ്‍ലൻഡ് പോലീസ് അറസ്റ്റ് ചെയ്തു. 83 ഇന്ത്യക്കാരും ആറ് തായ്‌ലൻഡുകാരും നാല് മ്യാൻമർ പൗരന്മാരുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മൊത്തം 100 കോടി രൂപ പിടികൂടിയെന്നാണ് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നേരത്തെ ഇ.ഡി ചോദ്യം ചെയ്ത ചിക്കോട്ടി, ഇതിനുപിന്നാലെ ബി.ജെ.പിയിൽ ചേരുന്നതായി വാർത്തകൾ വന്നിരുന്നു. ഇയാൾ തായ്‌ലൻഡ് വനിതകളെ ഉപയോഗിച്ചാണ് പട്ടായയിൽ ചൂതാട്ട കേന്ദ്രങ്ങൾ നടത്തിയിരുന്നത്.
ഇവിടേക്ക് ഹൈദരാബാദിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും ആളുകളെ ചൂതാട്ടത്തിനായി കൊണ്ടുവന്നിരുന്നു. വൻകിട ചൂതാട്ടം നടക്കുന്ന ആഡംബര ഹോട്ടലിൽ നിന്നാണ് സംഘം പിടിയിലായത്. ഏപ്രിൽ 27 മുതൽ മെയ് 1 വരെ ഹോട്ടലിൽ നിരവധി ഇന്ത്യക്കാർ മുറിയെടുത്തിരുന്നു. ഇവർ സാമ്പാവോ എന്ന കോൺഫറൻസ് റൂം ചൂതാട്ടത്തിനായി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്‌ച രാവിലെ ഇന്ത്യയിലേക്ക് പോകാനിരിക്കെയാണ് സംഘത്തെ പൊക്കിയത്.