ന്യൂഡല്‍ഹി: സൈബര്‍ലോകത്തെ ബാല ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ സി.ബി.ഐ അന്തര്‍ദേശീയ അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളുമായി കൈകോര്‍ക്കുന്നു. വീഡിയോ, ഫോട്ടോ തുടങ്ങിയവ താരതമ്യം ചെയ്താണ് ബാല ലൈംഗിക ചൂഷണ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത്. ഈ വിഷയത്തില്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍ പരസ്പരം കൈമാറും.
ഓണ്‍ലൈനിലൂടെ നടക്കുന്ന ചൂഷണങ്ങളുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ സമാഹരിച്ച ‘അന്താരാഷ്ട്ര ബാല ലൈംഗിക ചൂഷണ വിവരശേഖരം’ (ഐ.സി.എസ്.ഇ) ഇനിമുതല്‍ സി.ബി.ഐക്കും ലഭ്യമാകും. ഡേറ്റാബേസിലെ ശബ്ദ-ദൃശ്യ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും തിരച്ചില്‍ നടത്താനും സി.ബി.ഐക്ക് സാധ്യമാകും. ഇതിലൂടെ രാജ്യത്തെ ചൂഷകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച വ്യക്തമാക്കി.