ബെംഗളൂരു: തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ വാഹനത്തില്‍നിന്ന് രണ്ടരവയസ്സുകാരി വനമേഖലയിലെ റോഡില്‍ തെറിച്ചുവീണതറിയാതെ കുടുംബം യാത്രതുടര്‍ന്നു. പിന്നാലെവന്ന വാഹനത്തിലെ യാത്രക്കാരന്‍ കുട്ടിയെ സമീപത്തെ പോലീസ് സ്റ്റേഷനില്‍ സുരക്ഷിതമായി ഏല്‍പ്പിക്കുകയായിരുന്നു. ഓടുന്ന വാഹനത്തില്‍നിന്ന് തെറിച്ചുവീണെങ്കിലും കുട്ടിക്ക് സാരമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇടുക്കിയില്‍ ജീപ്പില്‍നിന്ന് ഒരു വയസ്സുള്ള കുഞ്ഞ് റോഡില്‍വീണ സംഭവത്തിന് സമാനമായ സംഭവമാണ് ശിവമോഗയിലെ അഗുംബെയില്‍ നടന്നത്.
വെള്ളിയാഴ്ച രാത്രി 8.30-ഓടെ ശിവമോഗ തീര്‍ഥഹള്ളി അഗുംബെ ചുരത്തിലാണ് സംഭവം. ചിക്കമഗളൂരു കൊട്ടിഗെഹരെയില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതിമാരുടെ മകളാണ് യാത്രയ്ക്കിടെ വാനില്‍നിന്നുവീണത്. പത്തുപേരടങ്ങുന്ന കുടുംബാംഗങ്ങള്‍ കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ തീര്‍ഥയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. ടെംപോ ട്രാവലര്‍ വാനിന്റെ പിറകില്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയുണ്ടായിരുന്നത്. പിറകിലത്തെ ഡോറിന്റെ ഹാന്‍ഡിലില്‍ കുട്ടി പിടിച്ചതോടെ തുറന്നുപോവുകയായിരുന്നെന്നാണ് നിഗമനം. 15 ദിവസത്തെ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നതിനാല്‍ വാനിലുണ്ടായിരുന്നവരെല്ലാം ക്ഷീണിതരായി ഉറക്കത്തിലായിരുന്നു. ചുരത്തിന്റെ ഏഴാം വളവ് തിരിഞ്ഞപ്പോഴാണ് കുട്ടി വീണത്. മൂന്നാം വളവിലെത്തിയപ്പോഴാണ് വാനില്‍ കുട്ടിയില്ലെന്നകാര്യം അമ്മ അറിഞ്ഞത്. ഇതോടെ അന്വേഷിച്ച് തിരിച്ചുപോയി.
അഗുംബെ ചെക്ക്‌പോസ്റ്റിലെ ഫോറസ്റ്റ് ഗാര്‍ഡാണ് കുട്ടി അഗുംബെ പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പറഞ്ഞത്. റോഡില്‍വീണ കുട്ടിയെ കാറില്‍ എത്തിയ ഉഡുപ്പി സ്വദേശിയായ അഭിഭാഷകന്‍ നവീന്‍ അഗുംബെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. നിസ്സാരപരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കിയാണ് മാതാപിതാക്കള്‍ക്ക് കൈമാറിയത്. കുട്ടി റോഡില്‍വീണ സമയത്ത് മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ അപകടങ്ങളൊന്നുമില്ലാതെ രക്ഷിക്കാനായി.