അടൂര്‍ : പലഹാര നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആറ് കുട്ടികളെ തൊഴിലില്‍ നിന്ന് മോചിപ്പിച്ച് താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റി. തുവയൂര്‍ ചിറ്റാണിമുക്കില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വിക ഫുഡ്‌സ് ആന്‍ഡ് സ്‌നാക്‌സ് എന്ന സ്ഥാപനത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തമിഴ്‌നാട് സ്വദേശികളായ ആറ് കൗമാരക്കാരെയാണ് തൊഴില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ സംയുക്ത റെയ്ഡില്‍ മോചിപ്പിച്ചത്. പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ ജോലിക്ക് നിയോഗിച്ചതിന് തൊഴില്‍ ഉടമയായ തമിഴ്‌നാട് ഉസ്ലാംപെട്ടി സ്വദേശി പാണ്ഡ്യനെതിരെ ബാലവേല നിരോധന നിയമപ്രകാരം കേസെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും നടപടി ഉണ്ടാകും.
സ്ഥാപന ഉടമയും ഭാര്യയും അടക്കം തമിഴ്നാട് സ്വദേശികളായ 18 തൊഴിലാളാണ് ഇവിടെ പണിയെടുത്തിരുന്നത്. ഇതില്‍ 18 വയസിനു താഴെ പ്രായമുള്ള ആറു കുട്ടികളെയാണ് ഇവിടെനിന്നു കണ്ടെത്തിയത്. ഇവരില്‍ ആര്‍ക്കുംതന്നെ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല. ആറു കുട്ടികളേയും ആറന്മുള ജനസേവന കേന്ദ്രത്തിലേക്കു മാറ്റി. ഇതില്‍ 14 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടോ എന്നതു കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം മാത്രമേ അറിയാനാകൂ. അതിനുശേഷമാകും മറ്റുള്ള നടപടികള്‍. കുറഞ്ഞ വേതനവും ശോചനീയമായ താമസസൗകര്യവും ആണ് തൊഴിലുടമ ഇവര്‍ക്ക് നല്‍കിയിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരസാധനങ്ങള്‍ നിര്‍മിക്കുന്നതായും കണ്ടെത്തി. പലതവണ ഉപയോഗിച്ച് പഴകിയ എണ്ണയാണു പലഹാര നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നതെന്നും തെളിഞ്ഞു.
ജില്ലാ കളക്ടര്‍ പി.ബി. നൂഹിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. അടൂര്‍ ആര്‍ഡിഒ പി.ടി. എബ്രഹാം, ജില്ലാ ലേബര്‍ ഓഫീസര്‍ ടി.സൗദാമിനി, അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി ജി ജിനേഷ്, ജോണ്‍ സാം, സതീഷ് കെ ഡാനിയേല്‍, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍മാരായ ഡോ. ടി.ലക്ഷ്മി, എം.എസ്. സുരേഷ്, അടൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ്, എ.എസ്.ഐ നജിം, ഏറത്ത് വില്ലേജ് ഓഫീസര്‍ എം.ജെ ബിജു, സീനിയര്‍ ക്ലര്‍ക്ക് അനില്‍ കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. തൊഴിലില്‍ നിന്ന് മോചിപ്പിച്ച കുട്ടികളെ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിന്റെ ആറന്മുള കേന്ദ്രത്തിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ ആര്‍ സുരേഷ് കുമാറിന്റെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.