തൊടുപുഴ: ഒന്നര വയസുള്ള മകനെ ശ്വാസംമുട്ടിച്ച് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം അയര്‍ക്കുന്നം കുന്തംചാരിയില്‍ വീട്ടില്‍ ജോയിയുടെ ഭാര്യ റോളിമോളെ (39) ആണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി പി.വി അനീഷ് കുമാര്‍ ശിക്ഷിച്ചത്. 2018 ഏപ്രില്‍ 18ന് പീരുമേട് ടീ എസ്‌റ്റേറ്റിലെ ലയത്തിലാണ് കേസിന് ആസ്‌പദമായ സംഭവം.
കോട്ടയം സ്വദേശിയായ ജോയിയും കുടുംബവും അമ്മാവന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണ് താമസത്തിനെത്തിയത്. ഇളയകുട്ടിയെ കൊന്നശേഷം മൂത്ത കുട്ടിയുമൊത്ത് ജീവനൊടുക്കാനാണ് പ്രതി തയാറെടുത്തതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. കഴുത്തില്‍ വിരല്‍ അമര്‍ത്തിയ വെപ്രാളത്തില്‍ കുട്ടി കട്ടിലില്‍നിന്നു താഴെ വീണപ്പോള്‍ ഭയന്ന പ്രതി ഉടനെ സമീപവാസികളെ വിളിച്ചു കൂട്ടി.
കുട്ടി കട്ടിലില്‍ നിന്നു വീണെന്നാണ് എല്ലാവരോടും പ്രതി പറഞ്ഞത്. ഇതിനിടെ കിണറ്റില്‍ ചാടി ജീവനൊടുക്കാനും ശ്രമിച്ചു. പ്രതിക്ക് മാനസിക രോഗം ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. മൂത്ത കുട്ടിയുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എബി ഡി. കോലോത്ത് ഹാജരായി.