ലക്നോ: തിങ്കളാഴ്ച രാത്രി ഉത്തർപ്രദേശിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നാല് സ്ത്രീകൾ സ്വന്തം മൊബൈൽ ടോർച്ചുകളുടെ വെളിച്ചത്തിൽ പ്രസവിച്ചു. വൈദ്യുതി നിലക്കുകയും പുതുതായി സ്ഥാപിച്ച 20 ലക്ഷം രൂപയുടെ സോളാർ പ്ലാന്റ് പ്രവർത്തിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ ദുരവസ്ഥ. പിങ്കി രാജ്ഭർ, മഞ്ജു ദേവി, നിതു സഹാനി, റസിയ ഖാത്തൂൺ എന്നീ ഗർഭിണികൾ രാത്രിയിൽ കൊടുംചൂടിൽ നാല് മണിക്കൂർ ഇടവേളയിലാണ് ആശുപത്രിയിൽ എത്തിയത്. ഭാഗ്യവശാൽ ഓരോരുത്തരുടെയും പക്കൽ മൊബൈൽ ഫോണുണ്ടായിരുന്നു. ബല്ലിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബെറുവർബാരി പി.എച്ച്.സിയിൽ വൈദ്യുത ലൈറ്റുകളും ഫാനുകളും വളരെ അപൂർവമായി മാത്രമേ പ്രവർത്തിക്കാറുള്ളൂ എന്ന് പിങ്കിയുടെ ഭർത്താവ് ചന്ദ്രമ പറഞ്ഞു.
‘മിക്കവാറും എല്ലാ ആഴ്ചയും ഗ്രാമത്തിൽ നിന്ന് ഈ ആശുപത്രിയിലേക്ക് ഒരു രോഗിയെയോ മറ്റൊരാളെയോ ഞാൻ അനുഗമിക്കാറുണ്ട്. ഒരു വിളക്ക് പ്രവർത്തിക്കുകയോ ഫാൻ ചലിക്കുകയോ ചെയ്യുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല’- അദ്ദേഹം പറഞ്ഞു. പിങ്കിയുടെ സ്വന്തം മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പി.എച്ച്.സി ജീവനക്കാർ പ്രസവം നടത്തിയതെന്നും ചന്ദ്രമ പറഞ്ഞു. കാർമേഘം മൂടിയതിനാൽ ചന്ദ്രന്റെ പ്രകാശം പോലും ആ രാത്രയിൽ ഇല്ലായിരുന്നു. പ്രദേശത്തെ 26 ഗ്രാമങ്ങളിലെ ഏക സർക്കാർ ആശുപത്രിയാണിത് -അദ്ദേഹം പറഞ്ഞു. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു.
ആശുപത്രിയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച കമ്പനിക്ക് നോട്ടീസ് നൽകിയതായും ജീവനക്കാർ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ രോഗികളെ പരിചരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും ബല്ലിയയിലെ ചീഫ് മെഡിക്കൽ ഓഫിസർ സഞ്ജീവ് വർമൻ പറഞ്ഞു. അതേസമയം, ബെറുവർബാരിയിൽ നിന്ന് 9 കിലോമീറ്റർ പടിഞ്ഞാറ് മാറി അതേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സോൺബർസ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തനക്ഷമമായ ലൈറ്റുകൾ ഉണ്ട്. എന്നാൽ അന്നേ ദിവസം രാത്രി അവിടെ ഡോക്ടർമാരും നഴ്‌സുമാരുമാരും ഇല്ലായിരുന്നു.