അമേരിക്ക : അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഫൈസറിന്‍റെ കോവിഡ് വാക്സീന്‍ നല്‍കി തുടങ്ങാന്‍ അമേരിക്ക അനുമതി നല്‍കി. രാജ്യത്തെ 28 ദശലക്ഷം കുട്ടികളിലേക്ക് കോവിഡ് വാക്സീന്‍ എത്തിക്കാന്‍ ഇതോടെ വഴി തുറന്നു. വൈറസിനെതിരെയുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിലെ പ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും വാക്സീന്‍ നല്‍കാന്‍ ആവശ്യമായ ഡോസുകള്‍ അമേരിക്ക സംഭരിച്ച് വെച്ചിരുന്നതായും ഔദ്യോഗിക അനുമതി വരും മുന്‍പ് തന്നെ ഇവ രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയെന്നും ഗവണ്‍മെന്‍റ് അറിയിച്ചു. വരും ദിവസങ്ങളില്‍ ആരംഭിക്കുന്ന വാക്സീന്‍ യജ്ഞം നവംബര്‍ എട്ടിന് പൂര്‍ണതോതില്‍ സജ്ജമാകും. മൂന്നാഴ്ചത്തെ ഇടവേളകളില്‍ രണ്ട് ഡോസായിട്ടാണ് കുട്ടികള്‍ക്ക് വാക്സീന്‍ നല്‍കുക.
മുതിര്‍ന്നവര്‍ക്ക് 30 മൈക്രോഗ്രാമാണ് നല്‍കിയിരുന്നതെങ്കില്‍ കുട്ടികളില്‍ ഒരു കുത്തിവയ്പ്പിന്‍റെ ഡോസേജ് 10 മൈക്രോഗ്രാമാണ്. കുട്ടികള്‍ക്കുള്ള വാക്സീന്‍ വയലുകളുടെ ക്യാപ് ഓറഞ്ച് നിറത്തിലുള്ളതായിരിക്കുമെന്നും മുതിര്‍ന്നവരുടെ പര്‍പ്പിള്‍ ക്യാപ് വയലുകളില്‍ നിന്ന് ഇവയെ വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കുട്ടികളിലെ കോവിഡ് ബാധയുടെ വിവരങ്ങള്‍, ഫൈസര്‍ വാക്സീന്‍റെ കുട്ടികളിലുള്ള കാര്യക്ഷമത, പാര്‍ശ്വഫലങ്ങള്‍ തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരുടെ ഒരു അവലോകന യോഗം വിളിച്ചിരുന്നു. ഈ സമിതി ഐകകണ്ഠേന വാക്സീന്‍ ശുപാര്‍ശ ചെയ്തു.
ഫൈസര്‍, മൊഡേണ വാക്സീന് ശേഷം ചിലരില്‍ റിപ്പോര്‍ട്ട് ചെയ്ത ഹൃദയ പേശികളുടെ നീര്‍ക്കെട്ട് ആണ് പ്രധാന ആശങ്കയായി യോഗത്തില്‍ ഉയര്‍ന്നത്. 30 വയസ്സില്‍ താഴെയുള്ള 880 പേരില്‍ വാക്സീന്‍ എടുത്ത ശേഷം മയോകാര്‍ഡൈറ്റിസ് എന്ന ഈ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തെന്നും ഇതില്‍ 830 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നെന്നും ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചു. 9 മരണങ്ങളും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവയില്‍ ആറെണ്ണം വാക്സീനുമായി ബന്ധപ്പെട്ട മയോകാര്‍ഡൈറ്റിസ് അല്ലെന്ന് പിന്നീട് തെളിഞ്ഞു. വാക്സീന്‍ എടുത്താല്‍ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളേക്കാൾ ഗുരുതരമാണ് കോവിഡ് ബാധ മൂലം കുട്ടികള്‍ക്കുണ്ടാകുന്ന സങ്കീര്‍ണതകളെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അഞ്ചിനും 11നും ഇടയില്‍ പ്രായമുള്ളവരില്‍ 19 ലക്ഷം കോവിഡ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ 8300 ലധികം കേസുകളില്‍ ആശുപത്രി വാസം വേണ്ടി വരികയും 2300 ലധികം പേർക്ക് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന വിവിധ അവയവങ്ങളെ ബാധിക്കുന്ന രോഗം ഉണ്ടാവുകയും ചെയ്തു. നൂറോളം മരണങ്ങളും ഈ പ്രായവിഭാഗത്തില്‍ ഉണ്ടായി.