ന്യൂഡല്‍ഹി : ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കു കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാനാകുമെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ അറിയിച്ചു. കോവിഡ് പോരാട്ടത്തില്‍ നിര്‍ണായക ചുവടുവയ്പായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.
സൈഡസ് കാഡില്ല ട്രയലുകള്‍ പൂര്‍ത്തിയാക്കി അടിയന്തര ഉപയോഗത്തിനുള്ള അനുമതി കാത്തിരിക്കുകയാണ്. ഭാരത് ബയോടെക്കിന്റെ വാക്‌സീന്‍ പരീക്ഷണം ഓഗസ്റ്റിലോ സെപ്റ്റംബറിലോ അവസാനിക്കും. ആ സമയത്തു തന്നെ അംഗീകാരവും ലഭിക്കുമെന്നാണു കരുതുന്നത്. ഫൈസര്‍ വാക്‌സീന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കി തുടങ്ങണം. കോവിഡ് വ്യാപനം തടയാന്‍ ഇത് അനിവാര്യമാണെന്നും ഡോക്ടര്‍ ഗുലേറിയ പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്‌സീനാണു നല്‍കിയത്. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷം അവസാനത്തോടെ വാക്‌സീന്‍ നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടയിലും കുട്ടികള്‍ക്കുള്ള വാക്‌സീന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. 11-17 വയസ് പ്രായമുള്ളവരുടെ കൂടെയുള്ള സഹവാസം കോവിഡ് ബാധിക്കാനുള്ള സാധ്യത 18-30 ശതമാനം വര്‍ധിപ്പിക്കുന്നുവെന്ന പഠനറിപ്പോര്‍ട്ട് ‘ദ് ലാന്‍സെറ്റ്’ ശാസ്ത്രമാസിക ഈയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. വീടുകളില്‍ കഴിയുന്ന മറ്റ് അസുഖങ്ങളുള്ള പ്രായമേറിയവര്‍ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കും. അതുകൊണ്ടു തന്നെയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ മാതാപിതാക്കള്‍ ആശങ്കപ്പെടുന്നത്. കുട്ടികള്‍ക്ക് ചെറിയ തോതില്‍ മാത്രമാവും കോവിഡ് ബാധയുണ്ടാകുക. എന്നാല്‍ അത് വീട്ടിലുള്ള മുത്തശ്ശനും മുത്തശ്ശിക്കുമൊക്കെ പകര്‍ന്നു കിട്ടും. ഈ സാഹചര്യത്തില്‍ രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ കുട്ടികളുടെ വാക്‌സിനേഷന്‍ സുപ്രധാനമാണ് – ഡോക്ടര്‍ ഗുലേറിയ പറഞ്ഞു.
ഇന്ത്യയില്‍ 12-18 വയസ്സുള്ള കുട്ടികള്‍ക്കായി സൈഡസിന്റെ വാക്‌സീന്‍ സെപ്റ്റംബറില്‍ നല്‍കിത്തുടങ്ങുമെന്ന് വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്‍ നാഷനല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് മേധാവി ഡോക്‌ടര്‍ എന്‍.കെ അറോറ പറഞ്ഞിരുന്നു. ജനുവരി – ഫെബ്രുവരി ആകുന്നതോടെ രണ്ടു വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 12 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി മൊഡേണ നിര്‍മിച്ച വാക്‌സീന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വെള്ളിയാഴ്ച അംഗീകാരം നല്‍കി. അമേരിക്കയില്‍ 12-15 വയസ്സുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്‌സീന് മേയില്‍ അംഗീകാരം നല്‍കിയിരുന്നു.