കൊച്ചി : മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ വെച്ച് ലുലു മാളില്‍ പോയി മടങ്ങി വരികയായിരുന്ന പതിനാറ് വയസുള്ള കുട്ടികളെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച് പണം തട്ടിയെടുത്ത കേസില്‍ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി ചക്കരയിടുക്ക് സ്വദേശി അന്‍സല്‍ ഷാ(23)നെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജി രവീന്ദ്രനാഥ്, പോലീസ് ഇന്‍സ്‌പെക്ടര്‍ തൃതീപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുട്ടികളില്‍ നിന്ന് നാലായിരം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കുട്ടികളുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. എസ്‌ഐമാരായ ആര്‍.രൂപേഷ്, മുകുന്ദന്‍, ജോസഫ് ഫാബിയാന്‍, എഎസ്‌ഐ സത്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ വേറെയും കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.