ബീജിംഗ് : ചൈനീസ് വന്‍ പട്ടണങ്ങളില്‍ നിന്നും കൊവിഡ് ചെറിയ നഗരങ്ങളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കും പടരുന്നു. പ്രധാന നഗരങ്ങളേക്കാള്‍ ആരോഗ്യ സംവിധാനങ്ങള്‍ കുറവുള്ള നിരവധി ചെറിയ അതിര്‍ത്തി പട്ടണങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിയറ്റ്നാമിന് അടുത്തുള്ള ചൈനീസ് അതിര്‍ത്തി നഗരത്തില്‍ കൊവിഡ് കേസ് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുഗതാഗതം നിര്‍ത്തലാക്കി. ഇവിടെ ജനങ്ങളോട് വീടിനുള്ളില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്‌കൂളുകളില്‍ ക്ലാസുകളും ഇതിന്റെ ഭാഗമായി നിര്‍ത്തിയിട്ടുണ്ട്. തുറമുഖങ്ങളിലും അധികൃതര്‍ അതീവ ജാഗ്രതയിലാണ്.
200,000ത്തിലധികം ജനസംഖ്യയുള്ള ഗ്വാങ്സിയിലെ സ്വയംഭരണ ചൈനീസ് പ്രദേശമായ ഡോങ്സിംഗ് നഗരത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടെ ഇന്ന് മുതല്‍ എല്ലാവരും വീട്ടില്‍ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഹോങ്കോങ്ങിലേക്കും മക്കാവുമായും ബന്ധിപ്പിച്ച തുറമുഖങ്ങളുള്ള നഗരങ്ങള്‍ ഒഴികെ അതിര്‍ത്തിയിലെ തുറമുഖങ്ങളില്‍ മാര്‍ച്ച് 15 വരെ ടൂര്‍ പ്രോഗ്രാമുകള്‍ നിര്‍ത്തിവെയ്ക്കാനും ചൈന ട്രാവല്‍ ഏജന്‍സികളോട് ആവശ്യപ്പെട്ടു.