ഡല്‍ഹി: ദോക്‌ലാമില്‍ ഭൂട്ടാന്റെ പ്രദേശം കൈയ്യേറി ചൈന ഗ്രാമം സ്ഥാപിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദോക്‌ലാമിന് ഒമ്ബതു കിലോമീറ്റര്‍ അടുത്തായി ഭൂട്ടാന്റെ കൈവശമുള്ള സ്ഥലത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഭൂട്ടാന്‍ വാര്‍ത്ത നിഷേധിച്ചിരുന്നു.
രണ്ട് കിലോമീറ്ററിലധികം പ്രദേശത്ത് ഗ്രാമം സ്ഥാപിച്ചതിനുപുറമെ, ദോക് ലാം പീഠഭൂമിയുടെ കിഴക്കന്‍ പ്രദേശത്ത് ഏകദേശം ഒമ്പത് കിലോമീറ്ററോളം ദൈര്‍ഘ്യത്തില്‍ ഒരു റോഡ് നിര്‍മ്മിച്ചിട്ടുള്ളതായും ഭൂപടത്തില്‍ നിന്ന് വ്യക്തമാകുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
2017ല്‍ ദോക് ലാമില്‍ ദിവസങ്ങളോളം നീണ്ടുനിന്ന ഇന്ത്യ-ചൈന പ്രതിസന്ധിയ്ക്കിടെ ഇന്ത്യ, ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റത്തെ തടഞ്ഞ സോംപെല്‍റി പര്‍വതത്തിലേക്ക് ഈ റോഡ് ചൈനീസ് സേനയ്ക്ക് ഒരു ബദല്‍ മാര്‍ഗമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അന്ന് സിക്കിം അതിര്‍ത്തിയിലുള്ള ദോക് ലാമിലെ ഇന്ത്യന്‍ ആര്‍മിയുടെ പോസ്റ്റിന് സമീപത്തുകൂടി നിലവിലുള്ള ട്രാക്ക് നീട്ടിക്കൊണ്ട് പര്‍വതത്തിലേക്ക് പ്രവേശിക്കാനായി ചൈനീസ് നിര്‍മാണത്തൊഴിലാളികള്‍ ശ്രമിച്ചിരുന്നു. ഇത് സാധ്യമായാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ വാതിലായ സിലിഗുഡി ഇടനാഴി ചൈനക്ക് വ്യക്തമായി കാണാന്‍ കഴിയും എന്ന കാരണത്താല്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് തൊഴിലാളികളെ തടഞ്ഞിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും 2018 ഏപ്രിലില്‍ വുഹാനില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഈ പ്രശ്നം പരിഹരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം ചൈനീസ് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്ന് തെക്കോട്ട് വ്യാപിച്ചു കിടക്കുന്ന ടോര്‍സ നദിയുടെ തീരം വഴി സോംപെല്‍റി പര്‍വതത്തിലേക്ക് കടക്കാനാണ് ചൈന ശ്രമിക്കുന്നത്.
പടിപടിയായി റോഡുകളും മറ്റും നിര്‍മ്മിക്കുകയും ജനവാസമില്ലാത്ത പീഠഭൂമിയില്‍ ഗ്രാമങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതു വഴി ദോക് ലാം കയ്യടക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് വിമര്‍ശനം ശക്തമായിട്ടുണ്ട്.