ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈന നടത്തിയ പ്രകോപനങ്ങള്‍ക്കും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.
ഗല്‍വാനില്‍ നിന്ന് പാംഗോങ്ങിലേക്കുള്ള ദൂരം 110 കിലോമീറ്ററാണ്. മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളില്‍ 62 ഇടങ്ങളിലായി സൈനികരെ പാര്‍പ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നാണു വിവരം. ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയില്‍ ഇന്ത്യയുടെ വന്‍ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മാസങ്ങളോളം നിലയുറപ്പിക്കാന്‍ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാന്‍ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.