ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന. പരസ്പരം മുന്നേറ്റത്തിന് സഹായിക്കുന്ന പങ്കാളികൾ ആവണം എന്നതാണ് താൽപര്യം എന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും നേതാക്കൾ നൽകിയ നിർദേശങ്ങൾക്ക് അനുസരിച്ച് ബന്ധം മെച്ചപ്പെടുത്തും. അഭിപ്രായവ്യത്യാസങ്ങൾ സംയമനത്തോടെ പരിഹരിക്കും. തന്ത്രപ്രധാന ദീർഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു എന്നും ചൈനീസ് അംബാസഡർ ഷു ഫെയിഹോങ് പറഞ്ഞു. പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിൽ എത്താനിരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന. ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ദില്ലി വേദിയാകുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ന് ഉച്ചയ്ക്ക് 12:10ന് ഷി ജിൻപിങ് രാജ്യതലസ്ഥാനത്തെത്തും. സിപിസി പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ഷി ജിൻപിങ്ങിന്റെ വിശ്വസ്തനുമായ സായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരടങ്ങുന്ന 67 അംഗ ഉന്നതതല സർക്കാർ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
കൂടാതെ പ്രത്യേക വ്യവസായ പ്രതിനിധി സംഘവും പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തുന്നുണ്ട്. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച നടത്തും. 24 മണിക്കൂർ നീളുന്ന സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് 12:20ന് അദ്ദേഹം മടങ്ങും. മോദി – ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഇരുനേതാക്കളും മുൻഗണന നൽകും. ഇന്ത്യയ്ക്ക് ചൈനീസ് വിപണിയിൽ ന്യായമായ പ്രവേശനം ഉറപ്പാക്കുക, വിതരണ ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുക എന്നിവയാകും പ്രധാനമായും ഇന്ത്യ ഉന്നയിക്കുക. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ തന്ത്രപ്രധാന സാമ്പത്തിക ചർച്ചയ്ക്കും സാധ്യതയുണ്ട്. ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണം കൂട്ടാനുള്ള വഴികൾ തേടും. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപിക്കാനുള്ള തടസ്സം മാറ്റണമെന്ന് ചൈന ആവശ്യപ്പെടും.






























