കൊച്ചി : ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ തള്ളി ബാറുടമകളുടെ സംഘടന. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ കുമാറാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഉടമകളോ സംഘടനയോ ആര്‍ക്കും പണം പിരിച്ച് നല്‍കിയിട്ടില്ല. ബിജു രമേശിന്റെ നിലപാടുകള്‍ക്ക് സ്ഥിരതയില്ല. ബിജു രമേശിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. ചൈനാ സുനില്‍ എന്ന് അറിയപ്പെടുന്ന സുനില്‍ കുമാറിന് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് സുനില്‍. ഇങ്ങനെ സര്‍ക്കാരുമായി അടുത്തു നില്‍ക്കുന്ന വ്യക്തിയാണ് ബാര്‍ കോഴയില്‍ ബിജു രമേശിനെ തള്ളി പറയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജു രമേശ് ഉന്നയിച്ചത്. രമേശ് ചെന്നിത്തല മൂന്ന് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തേ ബിജുരമേശ് ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച് പോലീസിന് മൊഴി നല്‍കരുതെന്ന് രമേശ് ചെന്നിത്തല കാല് പിടിച്ച് അപേക്ഷിച്ചെന്നും അതിനാല്‍ മൊഴി കൊടുത്തില്ലെന്നുമാണ് പറഞ്ഞത്. കെ.എം മാണി ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാര്‍കോഴ കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
ബാര്‍ കോഴ ഇടപാടില്‍ ഉള്‍പ്പെടെ ഉയര്‍ന്ന പേരാണ് ചൈനാ സുനിലിന്റേത്. ബിജു രമേശിന്റെ അച്ഛന്‍ രമേശന്‍ കോന്‍ട്രാക്ടറുടെ അടുപ്പക്കാരനായാണ് ചൈനാ സുനില്‍ മദ്യ വ്യവസായത്തിലേക്ക് കടക്കുന്നത്. പിന്നീട് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. ബിജു രമേശുമായി ചൈനാ സുനില്‍ തെറ്റിയതും ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. ബാര്‍ കോഴയില്‍ ബിജു രമേശ് പുറത്തുവിട്ട ശബ്ദരേഖയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച ചൈനാ സുനില്‍ മാണിക്ക് കോഴ നല്‍കിയിട്ടില്ലെന്ന് വിജിലന്‍സിന് മൊഴി നല്‍കിയ ബാറുടമയാണ്. കേസ് നടത്തിപ്പിനായി ബാറുടമകളില്‍ നിന്ന് പിരിവുനടത്തിയത് സത്യമാണ്. എന്നാല്‍ അത് കോഴ നല്‍കാനായിരുന്നില്ലെന്നും പറഞ്ഞിരുന്നു. അങ്ങനെ ബാര്‍ കോഴ ആരോപണം മുക്കി കളയാന്‍ ശ്രമിച്ചവരില്‍ പ്രധാനിയാണ് ചൈനാ സുനില്‍. ഇതേ വ്യക്തിയാണ് ഇപ്പോഴും ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തള്ളിപ്പറയുന്നത്.
കുട്ടിക്കാലം മുതലേ സിപിഎമ്മുമായി അടുത്ത ബന്ധം ചൈനാ സുനിലിനുണ്ട്. വൈറ്റ് ഡാമര്‍ ഉടമയായ സുനില്‍ തിരുവനന്തപുരത്തെ പഴയ എസ്‌എഫ്‌ഐ പ്രവര്‍ത്തരില്‍ പ്രമുഖനായിരുന്നു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസുള്ള മേട്ടുക്കട കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തില്‍ ചൈനാ സുനിലിന്റെ പ്രവര്‍ത്തനം. സഹോദരങ്ങളും ജില്ലയിലെ സിപിഎം നേതാക്കളാണ്. ഇടത് പക്ഷവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സുനിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ കേരള ഘടകം പ്രസിഡന്റ്. സിപിഎമ്മിന്റെ പ്രത്യേക താല്‍പ്പര്യമാണ് സുനിലിനെ ഈ പദവിയിലെത്തിച്ചത്.
സിപിഎം ബാര്‍ക്കോഴക്കേസില്‍ വിപ്ലവം സൃഷ്ടിക്കുകയും പിന്നേട് മാണിക്ക് ക്ലീന്‍ ചീട്ട് നല്‍കി മാണിയെ കേസില്‍ നിന്ന് ഒഴിവാക്കിയതിലും ബിജുരമേശ് എന്ന വ്യവസായി കടുത്ത അമര്‍ഷത്തിലായിരുന്നു. കാലം കാത്തുവച്ചതുപോലെ ഇപ്പോള്‍ ആയുധം ബിജു രമേശിന്റെ പക്കലെത്തിയിരിക്കുന്നു. അത് മുതലെടുക്കാനായിരുന്നു ജോസ് കെ മാണിയും കൂട്ടരും ഇടതു പക്ഷത്ത് എത്തിയതിന് പിന്നാലെയുള്ള വെളിപ്പെടുത്തല്‍. ഇത് കേട്ട ഉടന്‍ കേസെടുക്കാന്‍ സര്‍ക്കാരും തയ്യാറായി. ഇതിനിടെയാണ് ചൈനാ സുനില്‍ തന്നെ ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്ത് എത്തുന്നത്.