കൊച്ചി : ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഇന്ത്യയിൽ വിപണി വിഹിതം കുറയുന്നു. മാർച്ച് പാദത്തിൽ 82 ശതമാനമായിരുന്ന ചൈനീസ് ബ്രാൻഡുകളുടെ വിപണി വിഹിതം ജൂൺ പാദത്തിൽ 72 ശതമാനമായി കുറഞ്ഞു. കൗണ്ടർപോയിന്റ് റിസർച്ചിന്റേതാണ് ഇതു സംബന്ധിച്ച റിപ്പോർട്ട്.
കോവിഡ്-19, വിതരണ ശൃംഖലയിലുണ്ടാക്കിയ തടസ്സങ്ങളും ചൈനീസ് വിരുദ്ധ വികാരം ശക്തിപ്പെടുന്നതുമാണ് ഇന്ത്യയിൽ ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് തിരിച്ചടിയാകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സ്മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ഒപ്പോ, വിവോ, റിയൽമി പോലുള്ള ബ്രാൻഡുകൾക്ക് ശക്തമായ സാന്നിധ്യമാണ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നത്.
ഏപ്രിൽ-ജൂൺ പാദത്തിൽ ഈ കമ്പനികളുടെ വിപണി വിഹിതം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കൗണ്ടർപോയിന്റ് റിസർച്ച് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട്‌ഫോണുകളുടെ വില്പനയും ജൂൺ പാദത്തിൽ ഇടിഞ്ഞിട്ടുണ്ട്. 51 ശതമാനത്തിന്റെ വാർഷിക ഇടിവാണ് വില്പനയിൽ രേഖപ്പെടുത്തിയത്. 1.8 കോടി യൂണിറ്റ് സ്മാർട്ട്‌ഫോണുകളുടെ വില്പനയാണ് ഇക്കാലയളവിൽ ഇന്ത്യയിൽ നടന്നത്.