മുംബൈ : ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തന വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായുള്ള സന്ദേശം വ്യാജമാണെന്ന് അധികൃതര്‍. ഇത്തരത്തിലുള്ള ഒരു നിർദ്ദേശവും ഉത്തരവും ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കി.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് ആപ്പുകള്‍ക്കും ഗെയിമുകള്‍ക്കും ഇന്ത്യയില്‍ നിരോധനമേര്പ്പെടുത്തണമെന്നു ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടതായുള്ള സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ടിക് ടോക്, വിമേറ്റ്, വിഗോ, ബിഗോ ലൈവ്, ആപ്ലോക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളും മൊബൈല്‍ ലെജന്റ്സ്, ക്ലാഷ് ഓഫ് കിംഗ്സ്, ഗെയില്‍ ഓഫ് സുല്‍ത്താന്‍സ് തുടങ്ങിയ ഗെയിമുകളും വ്യാജസന്ദേശത്തിലെ നിരോധന പട്ടികയില്‍പ്പെടുന്നു. അതേസമയം സമൂഹമാധ്യമങ്ങളില്‍ ചൈനാവിരുദ്ധ പ്രചാരണങ്ങളും പോസ്റ്റുകളും വ്യാപകമാവുകയാണ്. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് പ്രചാരണങ്ങളും സജീവമാണ്.