തിരുവനന്തപുരം : ചിറയന്‍കീഴിലെ ദുരഭിമാന മര്‍ദ്ദനക്കേസില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. മര്‍ദ്ദനമേറ്റ മിഥുന്‍, ഭാര്യ ദീപ്തി എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് കടന്ന ദീപ്തിയുടെ സഹോദരന്‍ ഡോ ഡാനിഷിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി ദീപ്തി ഉന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ ദുരഭിമാന മര്‍ദ്ദനത്തില്‍ പ്രതിയെ സഹായിക്കുന്ന നിലപാടാണ് പോലീന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു ദീപ്തിയുടെ പരാതി. മര്‍ദ്ദനം ഉണ്ടായ ദിവസം തന്നെ പ്രതി ഡാനിഷിന്റെ വീട്ടിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറായില്ല. പരാതി കിട്ടാത്ത് കൊണ്ടാണ് നടപടയിലേക്ക് പോകാത്തതെന്നായിരുന്നു പോലീസിന്റെ വിചിത്ര വാദം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് ഡാനിഷ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ മാസം 31നാണ് ഡാനിഷ് സഹോദരി ദീപ്തിയെയും ഭര്‍ത്താവ് മിഥുനെയും തന്ത്രപരമായി വിളിച്ചുവരുത്തിയത്. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് എന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അക്രമ വിവരം അറിഞ്ഞ് സംഭവം നടന്ന ചിറയിന്‍കീഴ് ബീച്ച് റോഡിലേക്ക് പൊലീസ് എത്തി. സമീപവാസികളോട് വിവരം ചോദിച്ച ശേഷം ഡാനിഷ് താമസിക്കുന്ന വീട്ടിലെത്തി കാര്യം തിരക്കി മടങ്ങി. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെ പോലീസ് കാണിച്ച ഈ ഉദാസീനതയാണ് ഡാനിഷിന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്.
എന്താണ് ഇയാളെ അപ്പോള്‍ കസ്റ്റഡിയിലെടുക്കാത്ത് എന്ന ചോദ്യത്തിന് പരാതി ഉണ്ടായിരുന്നില്ലെന്നാണ് ചിറയന്‍കീഴ് എസ്എച്ച്ഒ നല്‍കിയ മറുപടി. മിഥുനെ ആശുപത്രിയിലാക്കി പിറ്റേദിവസമാണ് ദീപ്തിയും കുടുംബവും ഡാനിഷിനെതിരെ പരാതി രേഖാമൂലം പോലീസിന് നല്‍കുന്നത്. അതായത് നവംബര്‍ 1ന്. അപ്പോഴും ഡാനിഷ് തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു.
അന്ന് കേസെടുത്ത പോലീസ് പക്ഷേ മൊഴി എടുക്കാനോ ഇയാളെ കസ്റ്റഡിയിലെടുക്കാനോ തയ്യാറായില്ല. ഇന്നലെ ദീപ്തി ചിറയിന്‍കീഴ് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നുണ്ടെന്നറിഞ്ഞാണ് ഡാനിഷ് മുങ്ങിയത്. ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലാണ്. ചിറയിന്‍കീഴ് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ട്. പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ ദീപ്തി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും തിരുവനന്തപുരം റൂറല്‍ എസ്പിക്കും പരാതി നല്‍കി.